മല്യയ്ക്കായി ആര്‍തര്‍ റോഡ് ജയില്‍ തയ്യാര്‍; വായ്പാ തട്ടിപ്പുകാരനെ ഇന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യുഡല്‍ഹി: വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറിയാല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അഭിഭാഷകര്‍ മുഖേന ഇക്കാര്യം ബ്രിട്ടീഷ് കോടതിയെ അറിയിക്കും. ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിക്കുക. ഇന്ത്യന്‍ ജയിലുകള്‍ ലോകനിലവാരത്തിലുള്ളതാണെന്നും തടവുകാരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും ബ്രിട്ടീഷ് കോടതിയെ ബോധിപ്പിക്കുന്നതിനാണ് ഈ നടപടി.
ഇന്ത്യയ്ക്ക് കൈമാറിയാല്‍ മല്യയുടെ ജീവന് അപടകത്തിലാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ബ്രിട്ടീഷ് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ജയിലുകളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നതായും മല്യയുടെ അഭിഭാഷകന് ആരോപിച്ചിരുന്നു. ഈ വാദത്തിന് മറുപടിയായാണ് ഇന്ത്യ ബ്രിട്ടീഷ് കോടതിയില്‍ നിലപാട് അറിയിക്കുന്നത്. മല്യയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഡിസംബര്‍ നാലിന് വാദം കേള്‍ക്കും.
ഇന്ത്യയ്ക്ക് കൈമാറിയാല്‍ വിജയ് മല്യ പൂര്‍ണ സുരക്ഷിതനായിരിക്കുമെന്ന് ബ്രിട്ടീഷ് കോടതിയെ ബോധിപ്പിക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം. വിദേശകാര്യ മന്ത്രാലയം, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം ബ്രിട്ടീഷ് കോടതിയില്‍ വിവരങ്ങള്‍ ധരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പാ കുടിശിഖ വരുത്തിയ ശേഷമാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്. 2016 മാര്‍ച്ച് മുതല്‍ മല്യ ബ്രിട്ടനിലാണ്. കഴിഞ്ഞ ഏപ്രിലില്‍ സ്കോട്ലന്ഡ് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തെങ്കിലും തൊട്ടുപിന്നാലെ ജാമ്യം ലഭിച്ചു. ബ്രിട്ടീഷ് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ രണ്ട് മാസത്തിനകം വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.