EBM News Malayalam

മലബാര്‍ സിമെന്റ്‌സ്‌ മുന്‍ മാനേജിങ്‌ ഡയറക്‌ടര്‍ കെ. പത്മകുമാറിനെ മുഖ്യമന്ത്രി സസ്‌പെന്‍ഡ്‌ ചെയ്‌തു

തിരുവനന്തപുരം: മലബാര്‍ സിമെന്റ്‌സ്‌ മുന്‍ മാനേജിങ്‌ ഡയറക്‌ടര്‍ കെ. പത്മകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിന്‍റെ നടപടികളുടെ പേരില്‍ സര്‍ക്കാരിനെതിരേ സമരപ്രഖ്യാപനം നടത്തിയ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കു കനത്ത തിരിച്ചടിയേകികൊണ്ടാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പത്മകുമാറിനെതിരേ വിജിലന്‍സ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികാരമനോഭാവത്തോടെയാണെന്നും കാട്ടി ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ തള്ളികൊണ്ടാണ് മുഖ്യമന്ത്രിയുടെ നീക്കം. കള്ളക്കേസ്‌ ചുമത്തിയാണു പത്മകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തതെന്നു പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ.എ.എസ്‌. അസോസിയേഷന്‍റെ പ്രമേയത്തിലും ഇതേ ആരോപണമുണ്ടായിരുന്നു. സര്‍ക്കാരിനെതിരേ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ സമരപ്രഖ്യാപനത്തിനു പിറ്റേന്നുതന്നെ മുഖ്യമന്ത്രി ഐ.എ.എസ്‌. അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ചനടത്തിയിരുന്നു. ചര്‍ച്ചയില്‍ അസോസിയേഷന്‍റെ നിലപാടുകള്‍ തള്ളിക്കളഞ്ഞതിനു തൊട്ടുപിന്നാലെയാണു താക്കീതെന്നവണ്ണം പത്മകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

Comments are closed, but trackbacks and pingbacks are open.