ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം : കടുത്ത നിലപാടുമായി ബസുടമകള്‍ രംഗത്ത്
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കടക്കമുള്ള എല്ലാ സൗജന്യങ്ങളും നിര്‍ത്തിവെ ക്കണമെന്നും സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെങ്കില്‍ സര്‍ക്കാര്‍ നിശ്ചിത വിഹിതം സബ്സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് 30ന് തിരുവനന്തപുരം ട്രാന്‍സ് ടവറില്‍ നടക്കുന്ന പൊതു ഹിയറിങ്ങില്‍ ഉന്നയിക്കും.
അതേസമയം, വര്‍ധിപ്പിക്കേണ്ട നിരക്കും കിലോമീറ്റര്‍ ചാര്‍ജും എത്രയെന്നത് ചൊവ്വാഴ്ച ചേരുന്ന ബസുടമ സംഘടനകളുടെ സ്റ്റിയറിങ് കമ്മിറ്റിയില്‍ ഉന്നയിക്കും. കെ.എസ്.ആര്.ടി.സിക്ക് സ്വന്തമായി മന്ത്രി നിലവിലില്ലാത്ത സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയാണ് ബസുടമകളുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കു പുറമേ, വൈകല്യമുള്ള യാത്രക്കാര്‍ക്കും ഇളവ് നല്‍കാറുണ്ടെന്നാണ് ബസുടമകളുടെ അവകാശവാദം. 2014 മേയ് 19നാണ് ഏറ്റവും ഒടുവില്‍ ബസ് ചാര്‍ജ് കൂട്ടിയത്. മിനിമം നിരക്ക് ആറ് രൂപയില്‍നിന്ന് ഏഴാക്കിയിരുന്നു.
ഇതിനുശേഷം ഇന്ധന നിരക്കില്‍ 10 രൂപയുടെ വര്‍ധനയുണ്ടായെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് ബസുടമകളുടെ വാദം. മൂന്നു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ ശമ്ബളം ഉയര്‍ന്നതും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 68 ശതമാനം വര്‍ധനയുണ്ടായതും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടി യോഗം വിളിച്ചുചേര്‍ത്ത് രാമചന്ദ്രന് കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.