EBM News Malayalam

ഫോണ്‍കെണി വിവാദം: ജുഡീഷ്യല്‍ കമീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം സംബന്ധിച്ച ജസ്റ്റിസ് പി.എസ് ആന്‍റണി കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് ലഭിക്കുന്ന വിവരം.
ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന് ശിപാര്‍ശ ചെയ്തതായി ജസ്റ്റിസ് ആന്‍റണി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല പൊതു താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് മാധ്യമങ്ങള്‍ നിലകൊള്ളണ്ടത്. കേസിലെ മാധ്യമ ധര്‍മത്തെപറ്റി ചിന്തിക്കണ്ടത് അവര്‍ തന്നെയാണ്. മാധ്യമങ്ങളെ പറ്റി തനിക്ക് മോശം അഭിപ്രായമില്ല. മാധ്യമങ്ങള്‍ക്ക് ഒരു സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയന്ത്രിക്കാന്‍ ഒരു സ്ഥാപനം ആവശ്യമാണെന്നാണ് തന്റെ അഭിപ്രായം. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാറിനും പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യക്കും കൈമാറാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കമീഷന്‍ വ്യക്തമാക്കി.
പൂര്‍ണമായും ടേംസ് ഒാഫ് റഫറന്‍സില്‍ നിന്നു കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസിലെ പരാതിക്കാരിയോട് നിരവധി തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായിട്ടില്ല. കമീഷന്‍ ഒരു തുറന്ന വേദിയാണ്, ആര്‍ക്കും സമീപിക്കാന്‍ കഴിയും. എന്നാല്‍, അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ഒരു രാഷ്ട്രീയക്കാര്‍ അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടില്ലെന്നും ജസ്റ്റിസ് ആന്‍റണി വ്യക്തമാക്കി.
അതേസമയം, ആരോപണം സംബന്ധിച്ച അന്വേഷണം കമീഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു.

Leave A Reply

Your email address will not be published.