പ്രധാനമന്ത്രി തേരേസ മേയെ ലക്ഷ്യമാക്കിയുള്ള ഭീകരാക്രമണം പൊളിച്ചടുക്കി യുകെ പോലീസ്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയെ ലക്ഷ്യംവച്ചുള്ള ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി യുകെ പോലീസ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ഫോടകവസ്തു ഉപയോഗിച്ച് തെരേസ മേയെ വധിക്കാന്‍ നടത്തിയ പദ്ധതിയാണ് തകര്‍ത്തതെന്ന് പോലീസ്.നവംബര്‍ 28ന് യുകെ പോലീസ് രണ്ടു ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. നയിമുര്‍ സാക്കറിയ റഹ്മാന് (20), മുഹമ്മദ് ആഖിബ് റഹ്മാന് (21) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ വടക്കന്‍ ലണ്ടനില്‍ നിന്നും മറ്റൊരാള്‍ തെക്ക്-കിഴക്കന്‍ ബെര്‍മിംഗ്ഹാമില്‍ നിന്നുമാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി തകര്‍ത്ത വാര്‍ത്ത സ്ഥിരീകരിക്കാത്ത ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്‍പത് ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തുവെന്ന് സമ്മതിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.