EBM News Malayalam

പല്ലുകളുടെ ആരോഗ്യം

ദന്തപരിചരണത്തെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന് പ്രഥമ സ്ഥാനമാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ നല്‍കിയിരിക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മലമൂത്ര വിസര്‍ജനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് പല്ലുകള്‍ വൃത്തിയാക്കലാണ്. പേരാല്‍, നീര്‍മരുത്, കരിങ്ങാലി, മാവ്, ഉങ്ങ് തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്‍റെ കമ്പെടുത്ത് അറ്റം ചതച്ച് പല്ലു തേയ്ക്കണമെന്നാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്. ഈ കമ്പിന് ചെറുവിരലിന്‍റെ വണ്ണവും 12 ഇഞ്ച് നീളവും ഉണ്ടായിരിക്കണം. ചുക്ക്, തിപ്പലി, കുരുമുളക് ഇവ പൊടിച്ചതോ ഏലയ്ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴയ്ക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല് വൃത്തിയാക്കാന്‍.

പല്ല് തേയ്ക്കുന്നതിന്‍റെ ചിട്ടകളെക്കുറിച്ച് പറയുന്നതിനൊപ്പം പല്ല് തേയ്ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ 12 തവണ കുലുക്കുഴിയണം. ഗര്‍ഭാവസ്ഥയില്‍ ഛര്‍ദിയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ് സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച് കുലുക്കുഴിയണം.

* ഉമ്മിക്കരിയും ഉപ്പും ചേര്‍ത്ത് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.

* പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കാന്‍ പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് കുറയ്ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.

* വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഇളക്കം തട്ടിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

* കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്‍റെ സ്രോതസുകളാണ്.

* ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന് വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക.

* ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ് വൃത്തിയായി കഴുകണം.

* പല്ലിന്‍റെ ഇടയില്‍ അവശിഷ്ടങ്ങള്‍ തങ്ങി ഇരിക്കാന്‍ അനുവദിക്കരുത്. ഇത് ദന്തക്ഷയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

* മധുരം കൂടുതലുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക.

* കൊച്ചു കുട്ടികള്‍ക്ക് കിടക്കാന്‍നേരം പാല്‍ കൊടുത്താല്‍ ഉടന്‍ വായ് കഴുകിക്കണം.

* ഗര്‍ഭിണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന് ഗുണപ്രദമാണ്.

Comments are closed, but trackbacks and pingbacks are open.