പരസ്യ ശകാരം: ഡെപ്യൂട്ടി കളക്ടറോട് ക്ഷമ ചോദിച്ച് എംഎല്‍എ സി.കെ. ഹരീന്ദ്രന്‍
തിരുവനന്തപുരം: കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷന് അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ക്ഷമാപണവുമായി എംഎല്‍എ രംഗത്തെത്തിയത്.
പൊതുജനവികാരം ഉള്‍ക്കൊണ്ടുകൊണ്ട് എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി എംഎല്‍എ പറഞ്ഞു. നേരത്തേ, എംഎല്‍എയെ ഫോണില്‍ വിളിച്ചാണ് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് അതൃപ്തി അറിയിച്ചത്. വനിതകളോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന് ജോസഫൈന് ചോദിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ വിജയയുമായും ജോസഫൈന് സംസാരിച്ചിരുന്നു.