EBM News Malayalam

പത്തു വര്‍ഷത്തെ ബാങ്കുകളിലെ കടം തിരിച്ചടവ്‌ വിവരങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള കടം തിരച്ചടവ് സംബന്ധിച്ചുള്ള കേസുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്. നേരത്തെ വായ്പാക്കുടിശ്ശികയുള്ള വന്‍കിട കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ വിവരങ്ങളാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നല്‍കേണ്ടത്. രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ 2013നും 2015നുമിടയില്‍ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി പട്ടിക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

കിട്ടാക്കടങ്ങള്‍ വര്‍ധിച്ചുവരുന്നത് ഗുരുതര പ്രശ്നമാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വന്‍തുക വായ്പ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇങ്ങനെ വായ്പ നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ ഉപാധികളുണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരാണ് ഇവരെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തവരില്‍ നിന്ന് അത് പിടിച്ചെടുക്കാന്‍ കര്‍ശനമായ നടപടികളൊന്നും സ്വീകരിക്കാത്തതില്‍ സുപ്രീംകോടതി അതിശയം പ്രകടിപ്പിച്ചു.

Comments are closed, but trackbacks and pingbacks are open.