“നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് ആരെയും കൊണ്ട് വരുന്നതിനോട് യോജിക്കുന്നില്ല”: ഐ എസ് എം
കാസര്‍കോട്: വിവാഹത്തിന് മുമ്പുള്ള പ്രണയം ഇസ്ലാമിക വിരുദ്ധമാണെന്ന് ഐ എസ് എം. മതം മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു ഐ എസ് എം ഭാരവാഹികള്‍. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി ഉത്തിഹാദുശ്ശുബ്ബാനില് മുജാഹിദീന്‍ (ഐ എസ് എം) കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ ഹദീസ് സെമിനാറിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഖുര്‍ആന്‍ വാക്യങ്ങളും ഇതിനെതിരാണ്. പണം നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റു മാര്‍ഗങ്ങളുപയോഗിച്ചും മത പരിവര്‍ത്തനം നടത്താന്‍ പാടില്ല. ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടരായി സ്വമേധയാ മതത്തിലേക്ക് വരുന്നതിനെയാണ് ഖുര്‍ആന്‍ അംഗീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഡിസംബര്‍ 10ന് വൈകുന്നേരം മൂന്നു മണി മുതല്‍ കാസര്‍കോട് എം ജി റോഡ് ഹൈലൈന്‍ പ്ലാസക്ക് സമീപം പ്രത്യേകം തയാറാക്കിയ വേദിയിലാണ് ജില്ലാ ഹദീസ് സെമിനാര്‍ നടത്തുന്നത്. കാരുണ്യത്തിന്റെ പ്രവാചകന് ലോകത്തെ പഠിപ്പിച്ച ഗുണകാംക്ഷയിലധിഷ്ടിതമായ മതത്തിന്റെ നന്മയുടെ മുഖത്തെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘സച്ചരിത സമൂഹം ആദര്‍ശവും പ്രയോഗവും’ എന്ന പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഹദീസ് പഠനത്തിന്റെ പ്രാധാന്യവും ഗൗരവവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതും സെമിനാര്‍ ലക്ഷ്യമിടുന്നു.
ജില്ലാ ദഅ്വാ സമിതി ചെയര്മാന് എം മുഹമ്മദ് കുഞ്ഞി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഐ എസ്എം ജില്ലാ പ്രസിഡണ്ട് നൂറുല്‍ ഇംത്യാസ് അധ്യക്ഷത വഹിക്കും.