നിരോധിച്ച രണ്ട് ഡോക്യൂമെന്ററികളുടെ പ്രദര്‍ശനത്തിന് ഹൈകോടതി അനുമതി നല്കി
കൊച്ചി: കാരണമില്ലാതെ രണ്ട് ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടി ഹൈകോടതി റദ്ദാക്കി. അതേസമയം, കശ്മീര്‍ പ്രശ്നത്തോടുള്ള വിദ്യാര്‍ഥികളുടെ പ്രതികരണമുള്‍പ്പെടുന്ന ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’ ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചത് ശരിവെച്ചു. ജെ.എന്‍.യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ച ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, രോഹിത് വെമുല വിഷയം പറയുന്ന ‘അണ്ബെയറബിള് ബീയിങ് ഒാഫ് ലൈറ്റ്നെസ്’ എന്നീ ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നല്‍കിയത്.
കേരളത്തിന്റെ 10ാമത് അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ മൂന്ന് ഡോക്യുമെന്ററിയുടെയും സംവിധായകര്‍ നല്കിയ ഹരജികളിലാണ് വിധി. മന്ത്രാലയം അധികൃതര്‍ ഡോക്യുമന്ററി കണ്ടിട്ടില്ലെന്നും ഉള്ളടക്കം സംബന്ധിച്ച ചെറുകുറിപ്പ് മാത്രം കണ്ടാണ് വിലക്കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ചലച്ചിത്രങ്ങളിലൂടെയും മറ്റും വെളിപ്പെടുത്താനുള്ള അവകാശം തടസ്സപ്പെടുത്തുന്നത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. നിരുപദ്രവകരമായ ആവിഷ്കാര സ്വാതന്ത്ര്യം തടയാന്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.