നിയമഭേദഗതിയില്‍ മതനിന്ദ: പാകിസ്താന് മന്ത്രി സാഹിദ് ഹാമിദ് രാജിവെച്ചു
ഇസ്ലാമാബാദ്: നിയമഭേദഗതിയില്‍ മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം തുടരുന്നതിനിടെ നിയമവകുപ്പ് മന്ത്രി സാഹിദ് ഹാമിദ് രാജിവെച്ചു. നിയമ ഭേദഗതിയെ തുടര്‍ന്ന് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകള്‍ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള പൊലീസിെന്റ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തില്‍ 10 പേര് മരിക്കുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് സാഹിദ് ഹാമിദ് രാജിവെച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫുമായുള്ള കൂടിക്കാഴ്ചയിലാണ് ഹാമിദ് രാജി സന്നദ്ധത അറിയിച്ചത്. മതസംഘടനകളുടെ നേതൃത്വത്തില്‍ മൂന്നാഴ്ച നീണ്ട പ്രക്ഷോഭം മന്ത്രിയുടെ രാജിയെ തുടര്‍ന്ന് അവസാനിപ്പിച്ചു.
തെഹ്രീക് ഇ ലാബയിക് പാകിസ്താന് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വം സംബന്ധിച്ച് സെപ്റ്റംബറില്‍ പാസാക്കിയ നിയമഭേദഗതിയാണ് വിവാദത്തിനാധാരം. രാജ്യത്തെ അഹ്മദിയ്യ വിഭാഗത്തിന് അനുകൂലമായാണ് ഭേദഗതിയെന്നാണ് തീവ്രപക്ഷക്കാരുടെ ആരോപണം.
തുടര്‍ന്നാണ് വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ റോഡുകള്‍ ഉപരോധിച്ച് നവംബര്‍ എട്ടുമുതല്‍ പ്രക്ഷോഭം തുടങ്ങിയത്. ഇസ്ലാമാബാദില് തുടങ്ങിയ പ്രക്ഷോഭം ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും വ്യാപിച്ചിരുന്നു.