EBM News Malayalam

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ അതിവേഗ കോടതിയിലാക്കണമെന്ന ആവശ്യവുമായി പോലീസ്

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണയ്ക്കായി അതിവേഗ കോടതി അനുവദിക്കണമെന്ന ആവശ്യം പോലീസ് സര്‍ക്കാരിനെ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സി. ശ്രീധരന്‍നായരെ അറിയിച്ചിട്ടുണ്ട്.
അങ്കമാലി മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സ്വീകരിച്ചുകഴിഞ്ഞാലുടന്‍ പോലീസിന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. അതിവേഗകോടതിയാണെങ്കില്‍ രണ്ടുമാസത്തിനകം വിചാരണ തീര്‍ക്കാനാവുമെന്നാണു പ്രതീക്ഷ.
ഹൈക്കോടതി ശിപാര്‍ശപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് വിചാരണ ഏതുകോടതിയിലാണെന്നു തീരുമാനിക്കുക. വിചാരണ വൈകുന്നത് പ്രതികള്‍ക്കു സാക്ഷികളെ സ്വാധീനിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നതാണ് അതിവേഗകോടതി ആവശ്യപ്പെടാന്‍ കാരണം. 353 സാക്ഷികള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുതന്നെയുണ്ട്.
പ്രതിഭാഗം സാക്ഷികള്‍ വരാനിരിക്കുന്നു. ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നു. പോലീസ് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ച ചാര്‍ളി തോമസ് അവസാനനിമിഷം പിന്മാറിയതും സ്വാധീനം കൊണ്ടാണ്. ദിലീപിന്റെ ദുബായ്യാത്രയും സാക്ഷികളെ സ്വാധീനിക്കാനാണെന്നാണു പോലീസിന്റെ നിരീക്ഷണം.
കുറ്റപത്രത്തില്‍ പ്രധാനമായും പറയുന്നതു ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ്. ഇതില്‍ ഗൂഢാലോചനയാണു ദിലീപിനെതിരായ പ്രധാന കുറ്റം. ഗൂഢാലോചന പോലീസും പ്രോസിക്യൂഷനും എങ്ങനെ തെളിയിക്കും എന്നതിനെ ആശ്രയിച്ചാകും കേസിന്റെ വിധി.
ഗൂഢാലോചന കേസുകളില്‍ സാക്ഷിമൊഴികള്‍ക്കു പ്രസക്തിയില്ലെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. കൃത്യം നടത്താനുള്ള താല്‍പര്യം, കൃത്യത്തിനുശേഷം പ്രതികളുടെ പ്രവൃത്തികള്‍ എന്നിവ തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞാല്‍ കുറ്റം സ്ഥാപിക്കാനാവും.
പല കാരണങ്ങളാല്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു വ്യക്തിവിദ്വേഷം ഉണ്ടെന്നാണു പോലീസ് പറയുന്നത്. ഇതേക്കുറിച്ച്‌ അറിവുള്ളതു മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കാണ്. അതുകൊണ്ടുതന്നെ ആ കാര്യങ്ങള്‍ മഞ്ജു വാര്യര്‍ കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ അതിനു നിയമ സാധ്യതയുള്ളൂ. അതാണു മഞ്ജു വാര്യരുടെ മൊഴിക്ക് ഇത്രയും പ്രാധാന്യം കൈവരുന്നതും. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍, മഞ്ജു കോടതിയിലെത്തിയാല്‍ പ്രതിഭാഗം കുടുംബപ്രശ്നങ്ങളിലേക്കു കടക്കുക സ്വാഭാവികം. ഈ സാഹചര്യം ഒഴിവാക്കാന്‍ മഞ്ജുവിനു ശ്രദ്ധിക്കേണ്ടിവരും. മഞ്ജു പോലീസിനു നല്‍കിയ മൊഴിയില്‍ ദിലീപിനെതിരേ പരിമിത പരാമര്‍ശങ്ങളേ നടത്തിയിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മഞ്ജു-ബി. സന്ധ്യ-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണു കേസെന്നായിരുന്നു ദിലീപിന്റെ വാദം.

Leave A Reply

Your email address will not be published.