നടിയെ ആക്രമിച്ച കേസ് : ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപ്പത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപ്പത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച സംഭവത്തിന് മുന്‍പ് തന്നെ ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണ്. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്റെ മൊഴി. പിന്നീട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തും കൂടി ലഭിച്ചതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയായിരുന്നു.
കൊച്ചിയിലെ ‘മഴവില്ലഴകില്‍ അമ്മ’ എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പത്രത്തിലുണ്ട്. കാവ്യ മാധവെനെക്കുറിച്ച് നടി ചില കാര്യങ്ങള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്ന് കാവ്യ ദിലീപിനോടും നടന് സിദ്ദിഖിനോടും വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ ദിലീപ് പരിപാടിക്കിടെ നടിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. നടന് സിദ്ദിഖ് ഇതിന് ദൃക് സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ ഇനി പറയരുതെന്ന് താക്കീത് ചെയ്തിരുന്നു എന്നും കുറ്റപ്പത്രത്തില്‍ പറയുന്നു.