ദേശീയ അന്തര്‍ സര്‍വകലാശാല അത്ലറ്റ്; കേരളത്തിന് മുന്നേറ്റം
കോയമ്പത്തൂര്‍: എഴുപത്തിയേഴാമത് ദേശീയ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിവസം കേരളത്തിന് മുന്നേറ്റം. പൊന്നു വാരി എം.ജി യൂണിവേഴ്സിറ്റിയും തിളക്കമാര്‍ന്ന നേട്ടത്തോടെ അക്കൗണ്ട് തുറന്ന് കേരള യൂണിവേഴ്സിറ്റിയും മിന്നി. 13 ഫൈനലുകളില്നിന്നു മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളാണ് എം.ജിയും കേരളയും ചേര്‍ന്നു സ്വന്തമാക്കിയത്. മീറ്റ് മൂന്നു ദിനം പിന്നിടുമ്പോള്‍ ഓവറോളില്‍ മംഗളുരു യുണിവേഴ്സിറ്റിയാണ് മുന്നില്‍. 72 പോയിന്റാണ് അവര്‍ക്കുള്ളത്. 58 പോയിന്റുമായി എം.ജി. രണ്ടാം സ്ഥാനത്തുണ്ട്. ഇത്രതന്നെ പോയിന്റുമായി നിലവിലെ ജേതാക്കളായ പട്യാല പഞ്ചാബി യൂണിവേഴ്സിറ്റിയാണ് മൂന്നാമത്. പുരുഷ വിഭാഗത്തില്‍ മംഗളുരുവും(39 പോയിന്റ് ) വനിതാ വിഭാഗത്തില്‍ എം.ജിയുമാണു (41 പോയിന്റ്) മുന്നില്‍.
കേരളത്തിനു വേണ്ടി വനിതകളാണു സ്വര്‍ണമെല്ലാം സ്വന്തമാക്കിയത്. ഹൈജമ്പില്‍ എം.ജിയുടെ ജിനു മരിയ മാനുവല്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ പോള്‍ വോള്‍ട്ടില്‍ രേഷ്മ രവീന്ദ്രനും ലോങ് ജമ്പില്‍ കേരള സര്‍വകലാശാലയുടെ നയന ജെയിംസും സ്വര്‍ണ ജേത്രികളായി. എം.ജിയുടെ സിഞ്ജു പ്രകാശ് വനിതാ പേള്വോള്ട്ടിലും അരുണ്‍ ബേബി പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലും കേരളയുടെ സനു സാജന് 400 മീറ്റര്‍ ഓട്ടത്തിലും വെള്ളി നേടി. പുരുഷ, വനിതാ 400 മീറ്ററില്‍ യഥാക്രമം എം.ജിയുടെ മുഹമ്മദ് ലുബൈബിനും ജെറിന് ജോസഫിനും വെങ്കലം ലഭിച്ചു. വനിതാ ഹൈജമ്പിലാണ് മറ്റൊരു വെങ്കലം നേടിയത് എം.ജിയുടെ എയ്ഞ്ചല്‍ പി. ദേവസ്യ. പുരുഷന്മാരുടെ 4-100 മീ. റിലേയില്‍ കാലിക്കറ്റും എം.ജിയും ഫൈനലിലെത്തി. വനിതകളില്‍ കേരളയുടെ സംഘത്തിനും ഫൈനല്‍ ബെര്‍ത്ത് ലഭിച്ചു.
Comments are closed, but trackbacks and pingbacks are open.