ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു; പോലീസ്
കൊച്ചി: നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പുതിയ കടയുടെ ഉദ്ഘാടനത്തിന് ദുബായിലേക്ക് പോകുന്നത് തടയാനുള്ള നീക്കവുമായി പോലീസ്. ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ദുബായ്ക്ക് പോകാന്‍ അനുവദിക്കണമെന്നും പാസ്പോര്‍ട്ട് തിരിച്ചുനല്‍കണമെന്നും കാണിച്ച് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലാണ് പോലീസ് കര്‍ശന നിലപാടുമായി എത്തുന്നത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ ദിലീപിനെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നാണ് പോലീസിന്റെ ആവശ്യം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തമിഴ്നാട്ടില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചയാളും ജയിലില്‍ സുനിക്കൊപ്പമുണ്ടായിരുന്ന ചാര്‍ലിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം പൊളിച്ചത് ദിലീപ് ആണെന്നാണ് പോലീസിന്റെ ഭാഷ്യം. 164 പ്രകാരം മജിസ്ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്കാന് ആദ്യം ചാര്‍ലി സമ്മതിച്ചതായിരുന്നു. എന്നാല്‍ പിന്നീട് ഇത് നിരസിച്ചു. ഇതിനു പിന്നില്‍ ദിലീപ് ആണെന്നാണ് പോലീസ് പറയുന്നത്.
ചാര്‍ലിയെ മാപ്പുസാക്ഷിയാക്കാനുള്ള പോലീസിന്റെ നീക്കമുണ്ടായിരുന്നു. എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് ഇയാള്‍ പിന്മാറിയതോടെ ആ ശ്രമവും പൊളിഞ്ഞു. തന്റെ വീട്ടില്‍ മൂന്നു ദിവസം ഒളിവില്‍ കഴിയവേ കേസിലെ ക്വട്ടേഷന്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ സുനി നടത്തിയെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. ‘കേസില്‍ ഒന്നുകൊണ്ടും പേടിക്കേണ്ട. ക്വട്ടേഷന്‍ നല്കിയ ആള് മലയാള സിനിമയിലെ ഉന്നതനാണ്. ദൃശ്യങ്ങള്‍ കൈമാറുമ്പോള്‍ ഒന്നരക്കേടി നല്‍കും. ഒളിവില്‍ കഴിയാന്‍ സഹായിച്ചാല്‍ അതില്‍ 10 ലക്ഷം നല്‍കാം’ എന്ന് സുനി വാഗ്ദാനം ചെയ്തുവെന്നാണ് ചാര്‍ലി പറഞ്ഞിരുന്നത്.
കേസിലെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയപ്പോഴാണ് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്ന് സുനി പറഞ്ഞത്. സുനിക്കും കൂട്ടുപ്രതിയായ വിജീഷിനും കോയമ്പത്തൂരില്‍ കഴിയാനുള്ള സഹായം നല്‍കിയത് ചാര്‍ലിയായിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനിയുടെ മൊബൈലില്‍ കണ്ടുവെന്ന മൊഴിയുമുണ്ട്. ചാര്‍ലിയുടെ അയല്‍വാസിയുടെ ബൈക്കും മോഷ്ടിച്ചാണ് സുനിയും വിജീഷും കേരളത്തിലേക്ക് കടന്നതെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.
കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിമാറ്റത്തിനു പിന്നിലും ദിലീപ് ആണെന്ന് പോലീസ് സംശയിക്കുന്നു. പള്‍സര്‍ സുനി കടയില്‍ എത്തിയിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിരുന്ന ജീവനക്കാരന് മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ രഹസ്യമൊഴിയില്‍ അതേകുറിച്ച് അറിയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പോലീസിന് കനത്ത തിരിച്ചടിയായിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങൂം മുന്‍പായിരുന്നു ഈ ജീവനക്കാരന് രഹസ്യമൊഴി നല്‍കിയതെങ്കിലും അതിന്റെ പകര്‍പ്പ് പിന്നീടാണ് പോലീസിന് ലഭിച്ചത്. കാവ്യയുടെ ഡ്രൈവര്‍ ഇയാളെ നിരന്തം വിളിച്ചാണ് സ്വാധീനിച്ചതെന്നാണ് പോലീസ് നല്കുന്ന മറുപടി.
അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവില്ലാതെ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസ്ഥയിലാണ് പോലീസ്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെ പോലീസിന്റെ പക്കലുള്ള പിടിവള്ളി. ഇതുവച്ച് ഗൂഢാലോചന കേസ് എങ്ങനെ തെളിയിക്കുമെന്ന് പോലീസിനു പോലും നിശ്ചയമില്ല. ദിലീപിനെ ചികിത്സ ഡോക്ടറെ പ്രതിയാക്കാന്‍ വരെ ശ്രമിച്ചത് ഇതേ തുടര്‍ന്നാണ്. പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച എ.ആര് ക്യാംപിലെ പോലീസുകാരന് അനീഷിനെ പ്രതിയാക്കിയെങ്കിലും 164 പ്രകാരം മൊഴിയെടുക്കുന്നത് കോടതി അംഗീകരിച്ചില്ല. ഇതോടെ ഇയാളെ മാപ്പുസാക്ഷിയാക്കി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിവിടുന്നതും പോലീസിന്റെ പരിഗണനയിലാണ്.
ലക്ഷ്യയിലെ പള്‍സര്‍ സുനി എത്തിയെന്നു ആദ്യം പറഞ്ഞ പോലീസിന് അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പരാജയപ്പെട്ടിരുന്നു. ദിലീപിന്റെ സെറ്റുകളിലെ പള്‍സര്‍ സുനി എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സെല്‍ഫി ചിത്രങ്ങളായിരുന്നു പിന്നീട് പുറത്തുവന്ന ‘തെളിവ്’. എന്നാല്‍ അത് വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ടവര്‍ ലൊക്കേഷനാണ് പിന്നീട് പോലീസ് കൊണ്ടുവന്ന മറ്റൊരായുധം. ഒരു ടവര്‍ ലൊക്കേഷന്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വരുമെന്ന മറുവാദമാണ് പ്രതിഭാഗവും ഇതിന് മറുപടിയായി ഉന്നയിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും ദിലീപ് ക്രൂരനാണെന്ന് തെളിയിക്കാന്‍ സിനിമ മേഖലയിലെ ചിലരുടെ അനുഭവ സാക്ഷ്യങ്ങളും മൊഴികളുമാണ് പോലീസ് എടുത്തിരിക്കുന്നത്. മുന്‍ഭാര്യ മഞ്ജുവാര്യരെ സാക്ഷിയാക്കി ദിലീപിനെതിരെ ശക്തമായ നീക്കം നടത്താന്‍ പോലീസ് ശ്രമിച്ചുവെങ്കിലും അതിന് അവര്‍ വഴങ്ങാതിരുന്നതും തിരിച്ചടിയായി.
ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ജൂലായ് 10ന് ദിലീപ് അറസ്റ്റിലായി. ഒക്ടോബര്‍ മൂന്നിന് 85ാം ദിവസം ദിലീപ് പുറത്തിറങ്ങി. അറസ്റ്റിലാലി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തടവുകാരനാക്കി ജയിലിലാന് വെമ്പല്‍കൊണ്ട പോലീസിനാണ് 123 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്നത്.
അതിനിടെ, അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ദിലീപ് ഉന്നയിച്ചതും ഡി.ജി.പി, എ.ഡി.ജി.പി അടക്കമുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതും പോലീസിനെ പ്രതിരോധത്തിലാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതും പോലീസിന് തലവേദനയാകുന്നു.