EBM News Malayalam

തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ടാണ് പ്രതിപക്ഷ കക്ഷികള്‍ ഈ ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി ജനതാദള്‍ യുണൈറ്റഡ്, ഡി.എം.കെ, ആര്‍.ജെ.പി തുടങ്ങി എട്ട് കക്ഷികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ ശിവസേനയും ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ കക്ഷികളെ അറിയിച്ചിരിക്കുന്നത്.

ബജറ്റ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷ വാദം. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള ബജറ്റ് അവതരണം ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബജറ്റ് മാറ്റിവച്ച മുന്‍കാല കീഴ്‌വഴക്കം പാലിക്കണമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ബജറ്റ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നിലപാട്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെങ്കിലും ഏപ്രില്‍ ഒന്നിന് മാത്രമേ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരൂവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ബജറ്റ് ഭരണഘടനപരമായ കാര്യമാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ജനുവരി 31ന് ചേരും. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. റെയില്‍വേ ബജറ്റ് ഇത്തവണ പൊതുബജറ്റിനൊപ്പമാണ് അവതരിപ്പിക്കുക

Comments are closed, but trackbacks and pingbacks are open.