EBM News Malayalam

തിരഞ്ഞെടുപ്പ് കമ്മിഷൻ യു.പിയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

ലക്നൗ: തിരഞ്ഞെടുപ്പ് കമ്മിഷൻ യു.പിയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. മുസ്ലീം ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ യു.പിയിലെ പതിനഞ്ചു ജില്ലകളിലായി 73 മണ്ഡലങ്ങളിൽ ഫെബ്രുവരി 11ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം പുറത്തിറക്കിയ ശേഷം 11 മണിയോടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച് തുടങ്ങി. ജനുവരി 24നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ജനുവരി 27വരെ പിൻവലിക്കാം. ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ ഒരുങ്ങുന്നത് 2.57 കോടി പേരാണ്. അതിൽ 1.17 കോടി സ്ത്രീകളാണ്. വോട്ടർമാരിൽ 24.25 ലക്ഷം പേർ 18,​ 19 വയസ് പ്രായമുള്ളവരാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം നടത്തിയ മുസാഫർ നഗർ,​ ശ്യാംലി എന്നീ ജില്ലകളും ആദ്യഘട്ടത്തിൽ ഉൾപ്പെടും. ബാഗ്പത്ത്,​ മീററ്റ്,​ ഗാസിയാബാദ്,​ ഗൗതം ബുദ്ധ നഗർ,​ ഹാപ്പൂർ,​ ബുലന്ദ്ഷെഹർ,​ അലിഗഡ്,​ മഥുര,​ ഹാത്ത്രാസ്,​ ആഗ്ര,​ ഫിറോസാബാദ്,​ ഇത്താഹ്,​ കാസ്ഗഞ്ച് എന്നിവിടങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് ജില്ലകൾ. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മായാവതിയുടെ ബി.എസ്.പിക്ക് നേരിടേണ്ടത് കടുത്ത മത്സരമാണ്. ബി.എസ്.പി മത്സരിക്കുന്ന 403 മണ്ഡലങ്ങളിൽ 97 സീറ്റുകൾ മുസ്ലീങ്ങൾക്കാണ് നൽകിയിരിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.