താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണം പാസ്റ്ററെല്ല രോഗമെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ : താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതു ബാക്ടീരിയാ രോഗമായ “പാസ്റ്ററെല്ല” മൂലമെന്നു മൃഗസംരക്ഷണ വകുപ്പ്. താറാവുകള്‍ ചാകുന്നതു പക്ഷിപ്പനിമൂലമാണെന്ന പ്രചാരണത്തിനു പിന്നില്‍ ഇതരസംസ്ഥാന ലോബിയെന്നു സംശയം. ക്രിസ്മസ് മുതല്‍ ഈസ്റ്റര്‍വരെ നീളുന്ന കുട്ടനാടന്‍ താറാവിന്റെ പ്രധാന വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായാണു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചത്ത താറാവുകളുടെ സാമ്ബിള്‍ പരിശോധനയ്ക്കു നല്‍കിയതില്‍ ഇതുവരെയും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നാണു വിശദീകരണം. ദേശാടന പക്ഷികളില്നിന്നാണോ പാസ്റ്ററല്ല രോഗം പടര്‍ന്നതെന്ന സംശയം ശക്തമായിട്ടുണ്ട്.
പക്ഷിപ്പനി ഏതെങ്കിലും ഒരു സീസണില്‍ വരുന്നതല്ല. എന്നാല്‍ കഴിഞ്ഞ രണ്ടുതവണയും താറാവുകള്‍ കൂട്ടത്തോടെ ചത്തത് ക്രിസ്മസിനോടനുബന്ധിച്ചായിരുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേരളത്തില്‍ ദേശാടനപക്ഷികളെത്തുന്നത്. ഇവയില്‍നിന്നാണ് താറാവുകള്‍ക്ക് പക്ഷിപ്പനി പിടിക്കുന്നതെങ്കില്‍ മറ്റു പക്ഷികളെ ബാധിക്കാത്തതെന്തെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ക്രിസ്മസ് കാലത്തുമാത്രം കുട്ടനാട്ടില്‍ 10 ലക്ഷത്തിലധികം താറാവുകളാണു വിറ്റഴിയുന്നത്. നിലവിലെ കണക്കു പ്രകാരം കുട്ടനാട്ടില്‍ മൂന്നു ലക്ഷം താറാവുകളാണുള്ളത്. കുട്ടനാടന്‍ താറാവുകളായ ചാര, ചെമ്ബല്ലി എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയായതിനാല്‍ ഇതരസംസ്ഥാനത്തേക്കും ഇവയെ കൊണ്ടുപോകുന്നുണ്ട്. ഇപ്പോള്‍ താറാവിന് 250 മുതല്‍ 300 രൂപ വരെ വിലയുണ്ട്. വിപണി സജീവമാകുന്നതോടെ വില ഉയരേണ്ടതാണ്.
100 ദിവസം പ്രായമായ താറാവുകളെയാണു സാധാരണ വിപണിയിലെത്തിക്കുന്നത്. സര്‍ക്കാര്‍ ഹാച്ചറിയില്‍നിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞിനെ 15 രൂപ പ്രകാരമാണു ലഭിക്കുന്നത്. സ്വകാര്യ ഹാച്ചറിയിലാകട്ടെ 21 രൂപയാണു വില. ഇതാണ് കര്‍ഷകര്‍ വളര്‍ത്തി വിപണിയിലെത്തിക്കുന്നത്. ഇത്തവണ നെടുമ്ബ്രം, ചെന്നിത്തല ഭാഗങ്ങളിലുള്ള സ്വകാര്യ ഹാച്ചറികളില്‍നിന്നും തമിഴ്നാട്ടിലേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കയറ്റിക്കൊണ്ടു പോയിരുന്നതായി കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നു. ഈ ലോബിയാണോ പക്ഷിപ്പനി പ്രചരണത്തിന് പിന്നലെന്നാണു സംശയം. തമിഴ്നാട്ടില്‍നിന്ന് കോഴിയെ എത്തിക്കുന്ന ലോബികള്‍ക്കും പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു.
അപ്പര്‍കുട്ടനാട്ടിലും താറാവുകള്‍ ചത്തു
ഹരിപ്പാട്: അജ്ഞാത രോഗത്തെത്തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലും താറാവുകള്‍ ചത്തൊടുങ്ങുന്നു. വീയപുരം മേല്പാടത്ത് 400 താറാവുകള്‍ ചത്തു. കരിപ്പോലിക്കര ആനന്ദന് വളര്‍ത്തിയ താറാവുകളാണു ചത്തത്. രാത്രിയില്‍ താറാവിനു തീറ്റ കൊടുക്കാന്‍ ചെന്നപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്. ചത്ത താറാവിനെ കൂട്ടത്തില്‍നിന്നും നീക്കുന്നതിനിടെ കൂടെ നിന്ന താറാവുകളും ചത്തു വീഴുകയായിരുന്നെന്ന് ആനന്ദന് പറഞ്ഞു. 45 ദിവസം പ്രായമായ താറാവുകളാണു ചത്തത്. മൃഗാശുപത്രിയില്‍ വിവരം അറിയിച്ചെങ്കിലും ഡോക്ടര്‍ അവധിയിലാണെന്നും താറാവിന്റെ ഫോട്ടോയെടുത്തശേഷം കുഴിച്ചു മൂടാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചെന്നും ആനന്ദന് പറഞ്ഞു.
ബാക്കിയുള്ള 200 താറാവുകളിലധികവും തീറ്റയെടുക്കാതെ മയങ്ങി നില്‍ക്കുകയാണ്. 40 വര്‍ഷമായി താറാവിനെ വളര്‍ത്തിയാണ് ആനന്ദന് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. രണ്ടു മാസം മുമ്ബ് വീയപുരം തഴക്കരയില്‍ കൊച്ചുമോന്റെ 2000 താറാവുകള്‍ ചത്തിരുന്നു.