EBM News Malayalam

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചരമ വാര്‍ഷികം നാളെ

ചെന്നൈ ; തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികമാണ് നാളെ. ഈ ഒരു വര്‍ഷത്തിനിടെ നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. തലൈവിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും കെട്ടടങ്ങിയിട്ടുമില്ല.
2016 ഡിസംബര്‍ അഞ്ച്. വര്‍ഷങ്ങളോളം തമിഴ്നാടിനെ ഒറ്റയ്ക്കു ഭരിച്ച ജയലളിത വിടവാങ്ങുന്നു. ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനു ശേഷമായിരുന്നു, അന്ത്യം. ഒട്ടും വൈകാതെ തന്നെ ഭരണവും പാര്‍ട്ടിയും പിടിയ്ക്കാനുള്ള വി.കെ. ശശികലയുടെ ശ്രമങ്ങളും ആരംഭിച്ചു. ജയലളിത മരിച്ച അന്നു രാത്രി തന്നെ, ഒ.പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പദത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ, അനധികൃത സ്വത്തുസമ്പാദന കേസില്‍ ശശികല അകത്തായി. പിന്നാലെ എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി.
ജയലളിതയുടെ പേരില്‍ ധര്‍മപോരാട്ടം പ്രഖ്യാപിച്ച് ഒ. പനീര്‍ശെല്‍വവും 11 എംഎല്‍എമാരും പാര്‍ട്ടി വിട്ടു. എ.ഐ.എ.ഡി.എം.കെ പിളര്‍ന്ന്, അമ്മ വിഭാഗവും പുരട്ചി തലൈവി അമ്മ വിഭാഗവുമായി. ടിടിവി ദിനകരന്‍ പാര്‍ട്ടിയുടെ അമരത്തെത്തി. എന്നാല്‍, ഏപ്രിലില്‍ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പോടെ, കാര്യങ്ങള്‍ വീണ്ടും മാറി. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന കേസില്‍ ദിനകരന്‍ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങും മുന്‍പെ, ഇപിഎസും ഒപിഎസും ലയനത്തിനുള്ള ചര്‍ച്ചകളും ആരംഭിച്ചു. ഒടുവില്‍ കഴിഞ്ഞ സെപ്തംബറില്‍ ഇരുപക്ഷവും ഒരുമിച്ചു. പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി. പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദ്ദേശക സമിതി അധ്യക്ഷനും. ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. നഷ്ടപ്പെട്ട രണ്ടില ചിഹ്നവും പാര്‍ട്ടിയും കൊടിയും എല്ലാം ഔദ്യോഗിക പക്ഷത്തിന് തിരികെ ലഭിച്ചു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് അറുമുഖസാമിയെ കമ്മിഷനായി നിയമിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല.
ചരമവാര്‍ഷികം ആചരിക്കുമെന്ന് പാര്‍ട്ടിയും സര്‍ക്കാറും ദിനകരന്‍ പക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലാണ് എല്ലാവരുടെയും ശ്രദ്ധ. ജയലളിതയുടെ വാര്‍ഷികത്തില്‍ ഒരിയ്ക്കല്‍ കൂടി, അവരുടെ പേരില്‍ വോട്ടുറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും.

Leave A Reply

Your email address will not be published.