EBM News Malayalam

ട്രംപിനെതിരെ മുദ്രാവാക്യങ്ങളുമായി ജനം തെരുവില്‍

വാഷിങ്ടണ്‍ : നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം. അധികാരമേറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ട്രംപ് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുക. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനോടനുബന്ധിച്ചുണ്ടായതിനേക്കാള്‍ ശക്തമായ ജനവികാരമാണ് പുതിയ പ്രക്ഷോഭത്തിനുപിന്നില്‍. അമേരിക്കയിലെ പൌരാവകാശപ്രവര്‍ത്തകനായിരുന്ന ജോണ്‍ ലൂയിസിനെ അപമാനിച്ച് സംസാരിച്ചതോടെയാണ് ട്രംപിനെതിരെ കടുത്ത ജനരോഷമുണ്ടായത്. ഈ മാസം 21ന് വനിതാസംഘടനകളും ട്രംപിനെതിരെ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങാനിടയുണ്ട്. ആയിരക്കണക്കിന് ജനങ്ങളാണ് തെരുവില്‍ പ്രക്ഷോഭത്തില്‍ അണിചേരുന്നത്. വെള്ളിയാഴ്ചവരെ തങ്ങള്‍ തെരുവില്‍ത്തന്നെയുണ്ടാകുമെന്നാണ് പ്രക്ഷോഭകരുടെ വാദം. ഇതോടെ ട്രംപിന്‍റെ സ്ഥാനാരോഹണം സംഘര്‍ഷഭരിതമായേക്കും. ‘നോ ജസ്റ്റിസ്, നോ പീസ്’ തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിയാണ് ജനം തെരുവില്‍ ഇറങ്ങിയത്.

Comments are closed, but trackbacks and pingbacks are open.