ടി 10 ലീഗ് : ആരാധകരെ ആവേശത്തിമിര്‍പ്പിലാഴ്ത്താന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഷാര്‍ജയിലേയ്ക്ക്
ലോക ക്രിക്കറ്റർമാർ അണിനിരക്കുന്ന ടി 10 ലീഗ് മത്സരങ്ങൾക്ക് മുന്നൊരുക്കം സജീവം. ഈ മാസം 14 നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരങ്ങളിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്ന നിരവധി ടീമുകൾ മാറ്റുരക്കും. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരിക്കും ടൂർണമെന്റെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പതിനാലു മുതൽ നാലു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ലോകത്തു ആദ്യമായാണ് ഇത്തരമൊരു മത്സരമെന്നു ചെയർമാൻ നവാബ് ഷാജി പറഞ്ഞു. പാകിസ്താൻ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ ടി 10 ക്രിക്കറ്റ് ടൂർണമെന്റിന് അംഗീകാരം നൽകിയിട്ടുണ്ട്. പാക് താരങ്ങളായ സർഫറാസ് അഹ്മദ്, ഷാഹിദ് അഫ്രീദി, ഇന്ത്യൻ വെറ്ററൻ വീരേന്ദര്‍ സെവാഗ് തുടങ്ങിയവർ കളത്തിലിറങ്ങും. ടെലിവിഷൻ ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ടാകും. ആറു ടീമുകളാണ് മത്സരിക്കുക. കേരള കിങ്സിനെ ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗൻ നയിക്കും.