ജെറൂസലേം വിവാദം : യുഎസ് വൈസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയാറല്ലെന്ന് പലസ്തീന് നേതാവ്
റാമല്ല: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പലസ്തീന് സന്ദര്‍ശിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന ഫലസ്തീന് നേതാവ് ജിബ് രീല്‍ റജൂബ്. പെന്സിന് ഫലസ്തീന് മണ്ണിലേക്ക് സ്വാഗതമില്ലെന്നും അദ്ദേഹത്തെ ഫലസ്തീനിലേക്ക് സ്വീകരിക്കില്ലെന്നും മുതിര്‍ന്ന ഫത്ഹ് നേതാവ് കൂടിയായ റജൂബ് പറഞ്ഞു.
ഡിസംബര്‍ 19ന് മൈക്ക് പെന്‍സ് കിഴക്കന്‍ ബെത്ലെഹെം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തണമെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫത്ഹ് പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ പറയുന്നു, അത്തരമൊരു കൂടിക്കാഴ്ച നടക്കില്ല. ട്രംപിന്റെ ഡെപ്യൂട്ടിക്ക് ഫലസ്തീനില്‍ സ്വാഗതമില്ല- അദ്ദേഹം വ്യക്തമായി. ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തുന്ന മൈക്ക് പെന്‍സ് ബെത്ലെഹെം സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുമെന്നും നേരത്തേ അറിയിച്ചിരുന്നു. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും തെല്‍ അവീവില്‍ നിന്ന് അമേരിക്കന്‍ എംബസി ഇവിടേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീനിലൊന്നാകെ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അനുവദിക്കില്ലെന്ന് ഫതഹ് നേതാവ് വ്യക്തമാക്കിയത്.
അതേസമയം, പെന്‍സിന്റെ അബ്ബാസിന്റെ കൂടിക്കാഴ്ച നേരത്തേ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന് അറിയിച്ചു. പുതിയ സാഹചര്യത്തില്‍ കൂടിക്കാഴ്ച ഉപേക്ഷിക്കുന്നത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തിയ ഫലസ്തീന് പ്രസിഡന്റ് അമേരിക്കയുടെ തീരുമാനത്തിന് നിയമസാധുതയില്ലെന്നും അത് മേഖലയെ ഒന്നാകെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും മുന്നിപ്പ് നല്‍കിയിരുന്നു.