ഗോകുലം കേരള എഫ്.സി-ചെന്നൈ സിറ്റി എഫ്.സി ആദ്യ പോരാട്ടം തിങ്കളാഴ്ച
കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റുന്ന കോഴിക്കോട്ടെ കാണികള്‍ക്ക് ആവേശമേകാന്‍ ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഹോംമത്സരം. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ചെന്നൈ സിറ്റി എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ പോരാട്ടം. 2010ന് ശേഷം ആദ്യമായാണ് കേരളത്തില്‍നിന്ന് ഐ ലീഗ് ടീം മാറ്റുരക്കുന്നത്. കോഴിക്കോട്ടും ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഐ ലീഗ് മത്സരത്തിന് അരങ്ങുണരുന്നത്.
ചരിത്രമുറങ്ങുന്ന കോര്പറേഷന് സ്റ്റേഡിയം ദക്ഷിണേന്ത്യന്‍ നാട്ടങ്കത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 40,000ത്തോളം പേര്‍ക്ക് കളി കാണാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ ജില്ല ഫുട്ബാള്‍ അസോസിയേഷന്റെ ഒാഫിസിലും ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫൈനാന്‍സിന്റെ ശാഖകളിലും ലഭിക്കും. ചരിത്രത്തിലാദ്യമായി കോര്പറേഷന് സ്റ്റേഡിയത്തില്‍ പ്രമുഖ സ്പോര്‍ട്സ് ചാനലായ സ്റ്റാര്‍ സ്പോര്‍ട്സ് മത്സരം സംപ്രേഷണം െചയ്യും.
ജയിക്കാന്‍ ഗോകുലം
സ്വന്തം തട്ടകത്തില്‍ വിജയവും മൂന്നു പോയന്റും മാത്രമാണ് ലക്ഷ്യമെന്നാണ് ഗോകുലം കേരള എഫ്.സി കോച്ച് ബിനോ ജോര്‍ജും നായകന് സുശാന്ത് മാത്യുവും കോഴിക്കോെട്ടത്തിയത് മുതല്‍ പറയുന്നത്. ഷില്ലോങ്ങിലെ കൊടുംതണുപ്പില്‍ ലജോങ്ങിനെതിരെ ആദ്യ പകുതിയില്‍ ആക്രമണാത്മക ഫുട്ബാളായിരുന്നു ടീം പുറത്തെടുത്തത്. എന്നാല്‍, രണ്ടാം പകുതിയില്‍ ഷില്ലോങ് കിട്ടിയ അവസരം മുതലാക്കി വല കുലുക്കുകയായിരുന്നു. ആരിഫ് ഷെയ്ഖ്, കോംഗോ താരം ലെലെ എംബല്ലെ, മുന്‍ െഎസോള്‍ എഫ്.സി താരമായ െഎവറി കോസ്റ്റില്‍നിന്നുള്ള സ്റ്റീഫന്‍ കാമോ ബായി എന്നിവര്‍ തന്നെ മുന്‍നിരയില്‍ ഇറങ്ങിയേക്കും. എതിര്പ്രതിരോധെത്ത വിറപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ് കാമോ ബായിയും എംബല്ലെയും. പകരക്കാരനായി ഉസ്മാന് ആശിഖുമുണ്ട്. നൈജീരിയന്‍ പ്രതിരോധഭടന് ഇമ്മാനുവല്‍ ചിഗോസി പരിക്ക് കാരണം കളിക്കില്ല. ക്യാപ്റ്റന്‍ സുശാന്ത് മാത്യു പൂര്‍ണമായി താളം കണ്ടെത്തിയിട്ടില്ല.
എതിരാളികളുടെ അതേ അവസ്ഥയിലാണ് ചെന്നൈ സിറ്റി എഫ്.സിയും. ആദ്യ മത്സരത്തില്‍ തോല്‍വി. അതും ഇന്ത്യന്‍ ആരോസിലെ കൊച്ചുപിള്ളേരോട് മറുപടിയില്ലാത്ത മൂന്നു ഗോളിന്. എന്നാല്‍, കഴിഞ്ഞതെല്ലാം മറന്ന് പോരാടാനാണ് കോച്ച് വി. സൗന്ദരരാജന് ശിഷ്യരോട് ആവശ്യപ്പെടുന്നത്. വിദേശതാരങ്ങള്‍ ആദ്യ മത്സരത്തില്‍ ഒട്ടും ഫോമിലാവാത്തത് കോച്ചിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാതി മലയാളിയായ സൂസൈരാജാണ് നായകന്.