ഗോവ രാജ്യാന്തരചലച്ചിത്രമേള: ‘ടേക് ഓഫ്’ ന് യുനെസ്കോ അവാര്‍ഡെന്നു സൂചന
പനജി : മലയാള സിനിമയ്ക്ക് അഭിമാനമായി ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പറന്നുയര്‍ന്ന ടേക് ഓഫിന് യുനെസ്കോ അവാര്‍ഡെന്നു സൂചന. മലയാള സിനിമയെ തഴഞ്ഞ മേളയിലെ ഏക പ്രതീക്ഷയായിരുന്ന ടേക് ഓഫ് രാജ്യാന്തര മത്സരവിഭാഗത്തില്‍ ഉള്‍പ്പടെ മൂന്നു വിഭാഗങ്ങളിലാണ് ഇടം നേടിയിരുന്നത്. സംഘാടനപ്പിഴവും നല്ല സിനിമകളുടെ അഭാവവും കൊണ്ടു നിറംമങ്ങിയ 48-ാമതു രാജ്യാന്തര ചലച്ചിത്രമേള നാളെ സമാപിക്കും.
മലയാളത്തില്‍നിന്നുള്ള ഏക കഥാചിത്രമായി മേളയിലുണ്ടായിരുന്ന ടേക് ഓഫ് ഇന്നലെ നിറഞ്ഞ സദസിലാണു പ്രദര്‍ശിപ്പിച്ചത്. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ട നഴ്സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക് ഓഫ് മഹേഷ് നാരായണനാണ് സംവിധാനം ചെയ്തത്. നിരവധി സിനിമകളുടെ എഡിറ്ററായി തിളങ്ങിയ മഹേഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി. ഷാജികുമാറുമായി ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ഇന്ത്യന്‍ പനോരമ കഥേതര വിഭാഗത്തില്‍ കെ.ജി. ജോര്‍ജിനെക്കുറിച്ചുള്ള ലിജിന്‍ ജോസിന്റെ ചിത്രവും കുഞ്ഞില (അഖില ഹെന്റി) സംവിധാനം ചെയ്ത ജി.ഐയും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജൂറി തെരഞ്ഞെടുത്ത മലയാള ചിത്രം എസ്. ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പ്രദര്‍ശനത്തില്‍നിന്നു നീക്കിയിരുന്നു. എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന കേരള ഹൈക്കോടതി വിധിയില്‍ ഇനിയും അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല. അതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നാണു മേള ഡയറക്ടര്‍ സുനീത് ടണ്ഠന്റെ അഭിപ്രായം.
സമാപന സമ്മേളനത്തില്‍ നടന് അമിതാഭ് ബച്ചന് ഇന്ത്യന്‍ ഫിലിം പഴ്സണാലിറ്റി ഓഫ് ദ് ഇയര്‍ അവാര്‍ഡ് നല്‍കും. പൂര്‍ണമായും ബോളിവുഡ് കീഴടക്കിയ മേളയില്‍ ആകെ 195 ചിത്രങ്ങളുണ്ടായിരുന്നു. ബാഹുബലി 2, ജോളി എല്‍എല്‍.ബി 2 എന്നിവ ഇടംപിടിച്ച മേളയില്‍ നല്ല ചിത്രങ്ങള്‍ തഴയപ്പെട്ടെന്ന പരാതി വ്യാപകമാണ്. ചലച്ചിത്രപ്രതിഭകളെ ആദരിക്കുന്ന ഹോമേജില്‍ ഒന്‍പതു ചിത്രങ്ങളുണ്ടായിരുന്നെങ്കിലും അതിലും മലയാളത്തില്‍നിന്ന് ഒരു ചിത്രം പോലും ഉള്‍പ്പെടുത്തിയില്ല.