EBM News Malayalam

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസങ്ങളിലായി നിരവധി റാലികളില്‍ രാഹുല്‍ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്ന രാഹുല്‍ ദലിത് മഹാസഭയിലും പങ്കെടുക്കും. വൈകിട്ട് അഹ്മദാബാദിലെ പട്ടേല്‍ ഭൂരിപക്ഷ മേഖലയില്‍ നടക്കുന്ന റാലിയില്‍ രാഹുലിനൊപ്പം ഹാര്‍ദിക് പട്ടേലും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഗുജറാത്തില്‍ നാല് മേഖലകളിലായി 12 ദിവസങ്ങളിലായി നീണ്ടുനിന്ന പര്യടനം രാഹുല്‍ ഗാന്ധി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ സാഹചര്യത്തില്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പര്യടനമാണ് ഇന്ന് ആരംഭിക്കുക. പോര്‍ബന്ദറില്‍ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം സന്ദര്‍ശിച്ചായിരിക്കും പരിപാടികളുടെ തുടക്കം. ശേഷം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സനന്ദില്‍ ദലിത് ആക്ടിവിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ ദലിത് മഹാസഭയിലും പങ്കെടുക്കും. ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികളുമായും അക്കാദമിക് രംഗത്തുള്ളവരുമായും ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് അഹമ്മദാബാദിനടുത്തുള്ള പട്ടേല്‍ സ്വാധീന മേഖലയായ നികോലില്‍ നടക്കുന്ന പൊതുറാലിയില്‍ അദ്ദേഹം സംസാരിക്കും. ഈ റാലിയില്‍ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് പട്ടീദാര്‍ സമിതിയോ സ്ഥിരീകരിച്ചിട്ടില്ല.
ഗാന്ധിനഗര്‍, ധോധ് മേഖലയിലായിരിക്കും രാഹുലിന്‍റെ നാളത്തെ യാത്ര. രാഹുലിന്‍റെ റാലികള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 27, 29 തിയ്യതികളില്‍ പ്രചാരണത്തിനായെത്തും. ആദ്യഘട്ട തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇരുപാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ വരുംദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകും.

Leave A Reply

Your email address will not be published.