“ഗുജറാത്തില്‍ കോണ്‍ഗ്രസ് 125ന് മേല്‍ സീറ്റ് നേടി അധികാരത്തിലെത്തും”- അല്‍പേഷ് താക്കൂര്‍
ഗുജറാത്ത്: ഗുജറാത്തില്‍ കോണ്‍ഗ്രസ് 125ന് മുകളില്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍. തൊഴിലില്ലായ്മ, കാര്‍ഷകി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബിജെപി ഒന്നും ചെയ്തില്ല. ഗുജ്റാത്തില്‍ മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു.
ഗുജ്റാത്തില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയുടെ സുപ്രധാന ഘടകം അല്‍പേഷ് താക്കൂറെന്ന യുവ നേതാവാണ്. ഒബിസി സമുദായംഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അല്‍പേഷ് കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. അധികാരത്തിനോടുള്ള താല്പര്യമല്ല, ഗുജ്റാത്തിലെ തന്റെ അനുയായികളുടെ ആഗ്രഹപ്രകാരമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് അല്‍പേഷ് താക്കൂര്‍ പറയുന്നു.
കോണ്‍ഗ്രസ് പറയുന്നത് തൊഴിലില്ലായ്മ പരിഹരിക്കും, കര്‍ഷകരുടെ കടം എഴുതിത്തള്ളും, പൊതു വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക് കഴിയുമായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. 125 സീറ്റുകള്‍ക്ക് മുകളില്‍ കോണ്‍ഗ്രസ് നേടുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു. പട്ടേല്‍ സമുദായത്തിന് ഇബിസി സംവരണം നല്‍കുന്നതിന് എതിരല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് തടസ്സമില്ലെന്നായിരുന്നു മറുപടി.