EBM News Malayalam

ഖത്തറില്‍ ഫീസ് വര്‍ധനയ്ക്കായി 120 സ്വകാര്യ സ്‌കൂളുള്‍ അപേക്ഷ നല്‍കി

ദോഹ: ഫീസ് വര്‍ധനയ്ക്കായി പുതിയ അധ്യയന വര്‍ഷത്തില്‍ 120 സ്വകാര്യ സ്‌കൂളുള്‍ അപേക്ഷ നല്‍കിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 260 സ്വകാര്യ സ്‌കൂളുകളില്‍ 120 എണ്ണമാണ് ഫീസ് വര്‍ധന തേടിയത്. പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതും സ്‌കൂളിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമാണ് സ്‌കൂളുകള്‍ ഫീസ് വര്‍ധന ആവശ്യപ്പെടുന്നത്. എന്നാല്‍ രക്ഷിതാക്കളുടെ വരുമാനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്താകും ഫീസ് വര്‍ധന അനുവദിക്കുന്നത്. ഫീസ് വര്‍ധന ആവശ്യമുള്ള സ്‌കൂളുകള്‍ അപേക്ഷ സമര്‍പ്പിക്കണമെന്നുനിര്‍ദേശിച്ച് ഡിസംബറിലാണ് മന്ത്രാലയം ബന്ധപ്പെട്ട സ്‌കൂള്‍ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ഇതു സംബന്ധിച്ചുള്ള മന്ത്രാലയത്തിന്‍റെ തീരുമാനം ഫെബ്രുവരിയിലുണ്ടാകും. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം സ്വീകരിച്ചു തുടങ്ങിയത്.

ഫീസ് വര്‍ധന സംബന്ധിച്ചു വ്യക്തമായ കാരണങ്ങളും അവയുടെ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം. സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണമെന്ന കര്‍ശന നിര്‍ദേശമാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രാലയം അംഗീകരിച്ച ഫീസ് നിരക്കുകളെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരിക്കണമെന്നും മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ കാര്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കുമ്പോള്‍ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Comments are closed, but trackbacks and pingbacks are open.