EBM News Malayalam

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉപപ്രധാനമന്ത്രിയുണ്ടാകും; ചരടുവലിച്ച് കെസിആര്‍, ലക്ഷ്യം ഇങ്ങനെ

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യത്യസ്തമായ ചില രാഷ്ട്രീയ സമവാക്യങ്ങളുണ്ടാകുമെന്ന് സൂചന. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടാന്‍ ഒരു വിഭാഗം ശ്രമം നടത്തുന്നു. പ്രാദേശിക കക്ഷികള്‍ക്ക് അടുത്ത സര്‍ക്കാരില്‍ നിര്‍ണായക റോള്‍ ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസിന് പിന്നില്‍ ചെറുപാര്‍ട്ടികള്‍ അണിനിരക്കുകയും ചെയ്താല്‍ കൂടുതല്‍ പദവികള്‍ നേടിയെടുക്കാനാണ് നീക്കം.

ഇതാണ് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒട്ടേറെ പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് സമ്മര്‍ദ്ദ ഗ്രൂപ്പായി ഉപപ്രധാനമന്ത്രി പദം ആവശ്യപ്പെടുകയാണ് കെസിആറിന്റെ ലക്ഷ്യമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിച്ചാലും പ്രധാന പദവികള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിആറിന്റെ നീക്കം. പ്രധാന കക്ഷികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കെസിആര്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രധാന പദവികള്‍ കിട്ടില്ലെന്ന് കെസിആര്‍ മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ചെറുപാര്‍ട്ടികളുടെ സമ്മര്‍ദ്ദ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഫെഡറല്‍ മുന്നണി എന്ന സാധ്യത അല്‍പ്പം മയപ്പെടുത്തി സമ്മര്‍ദ്ദ ശക്തിയാകാനാണ് ശ്രമം.2014നേക്കാള്‍ ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുമെന്നാണ് കരുതുന്നത്. സ്വാഭാവികമായും ബിജെപി വിരുദ്ധ കക്ഷികളുടെ സഹായത്തോടെയാകും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വരിക. ഇങ്ങനെ സംഭവിച്ചാല്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെടാനാണ് കെസിആര്‍ ശ്രമിക്കുന്നത്.

Comments
Loading...