EBM News Malayalam

കീഴാറ്റൂര്‍ ബൈപ്പാസ് സമരം: വിശദീകരണം തേടി സി.പി.എം

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരേ വയല്‍കിളികള്‍ക്കൊപ്പം സമരം ചെയ്ത ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളോട് സി.പി.എം വിശദീകരണം ആവശ്യപ്പെട്ടു. കീഴാറ്റൂര്‍ വടക്ക്, കീഴാറ്റൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ പത്തുപേരോടാണു വിശദീകരണം തേടിയത്.
ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും വയല്‍ക്കിളികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനാലാണ് വിശദീകരണം ആവശ്യപ്പെട്ടത്. കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് അംഗങ്ങളായ ലാലുപ്രസാദ്, പി. ബാലകൃഷ്ണന്‍, കീഴാറ്റൂര്‍ ബ്രാഞ്ച് അംഗങ്ങളായ രാമകൃഷ്ണന്‍, എം. ബാലന്‍, ശശി, പ്രസന്നന്‍, രഞ്ചിത്ത്, ബി.ഗോവിന്ദന്‍, ബൈജു, ബിജു എന്നിവരോടാണ് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് കമ്മിറ്റിയോഗവും കീഴാറ്റൂര്‍ ബ്രാഞ്ച് കമ്മിറ്റിയോഗവും ചേര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്. ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ രണ്ടു യോഗങ്ങളിലും സംബന്ധിച്ചിരുന്നു.
എന്നാല്‍, തങ്ങള്‍ കീഴാറ്റൂരിലെ ജനങ്ങളുടെ സമരത്തിന് ഒപ്പമാണു നിലകൊണ്ടതെന്നും മറ്റു വിശദീകരണങ്ങളൊന്നും നല്‍കാനില്ല എന്ന നിലപാടിലായിരുന്നു സമരത്തില്‍ പങ്കെടുത്ത സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ചുടല- കുറ്റിക്കോല്‍ ബൈപ്പാസ് കീഴാറ്റൂര്‍ നെല്‍വയല്‍ നികത്തി നിര്‍മ്മിക്കരുതെന്ന് ആവിശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്.

Leave A Reply

Your email address will not be published.