“കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണം” മുഖ്യമന്ത്രി സിദ്ധരാമയ്യ
മൈസൂരൂ: കര്‍ണാടക സംസ്ഥാനത്തിന് പ്രത്യേക ദേശഗാനമുണ്ടെന്നും അതുപോലെ പ്രത്യേക പതാകയും വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്റെ ഈ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തെയും ഭാഷയേയും ഒരുപോലെ അവഹേളിക്കുകയാണ്. 83ാമത് അഖില ഭാരതീയ കന്നഡ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നഡയുടെ ബഹുമുഖമായ സവിശേഷത ഉയര്ത്തിപ്പിക്കേണ്ടത് എല്ലാ കന്നഡക്കാരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പ്രത്യേകമായ ഗാനവും പതാകയും വരുന്നത് ഒരിക്കലും ദേശീയഗാനത്തിനും ദേശീയപതാകയ്ക്കും എതിരാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ പ്രദേശിക ഭാഷ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അതില്‍ ചില നിയമപ്രശ്നങ്ങളുണ്ട്. ഇത് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ഇക്കാര്യമാവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് രണ്ടു തവണ കത്തയച്ചു. മുഖ്യമന്ത്രിമാരുടെ യോഗത്തിലും ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉണ്ടാവണം. സാഹിത്യത്തിലും സംഗീതത്തിലും പെയിന്റിംഗിലും മാധ്യമങ്ങളിലൂം എല്ലാം. അഭിപ്രായ പ്രകടനം സ്വാതന്ത്ര്യമുള്ളിടത്ത് മാത്രമേ സാധ്യമാകൂ. അടുത്തകാലത്ത് ദേശസ്നേഹത്തിന്റെയും മതത്തിന്റെയും ദേശീയതയുടെയും പേരില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അടിച്ചവര്ത്താന് ശ്രമം നടക്കുന്നുണ്ട്. അത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.