കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് പൊതുസമ്പത്ത്
കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അഴിമതികള്‍ ജനങ്ങള്‍ക്ക് സുപരിചിതമാണ്. ഇവര്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മനുഷ്യജീനവും കോടിക്കണക്കിന് രൂപയുടെ പൊതു സമ്പത്തുമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ചെറിയ കരാര്‍ ജോലി മുതല്‍ വന്‍കിട പ്രൊജക്ട് വരെ ഇക്കുട്ടത്തില്‍പ്പെടും. അതിന്റെ ഒരു പ്രധാനപ്പെട്ട ഉദാഹരണമാണ് ഏനാത്ത് പാലം. പതിനെട്ട് വര്‍ഷം മാത്രം പഴക്കമുള്ള പാലത്തിന്റെ അവസ്ഥ അപകടകരമാണ്. പാലത്തിന്റെ ബലക്ഷയത്തെകുറിച്ച് പരിശോധന നടത്തിയ ഇവിടത്തെ എഞ്ചിനിയര്‍ വിദഗ്ദന്മാര് ബലക്ഷയം ലഘൂകരിക്കാനായാണ് ശ്രമിച്ചത്. സംശയം തോന്നി ചെന്നൈയില്‍ നിന്നും വിദഗ്ദരായ എന്‍ജിനിയര്‍മാരെ വരുത്തി പരിശോധിച്ചപ്പോഴാണ് പാലത്തിന്റെ അപകടാവസ്ഥ ശരിക്കും അറിയുവാന്‍ കഴിഞ്ഞത്. ഇരുചക്ര വാഹനങ്ങള്‍ പോലും ഏനാത്ത് പാലത്തിലൂടെ കടന്നുപോകുന്നത് അപകടകരമാണെന്നാണ് ചെന്നൈയിലെ വിദഗ്ദര്‍ അറിയിച്ചിരിക്കുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സകല പണികളിലും ഇത്പോലുള്ള അഴിമതികള്‍ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്.
പതിനെട്ടു വര്‍ഷങ്ങള്‍ മുന്‍പ് ഏനാത്ത് നൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു പാലമുണ്ടായിരുന്നു. പക്ഷേ അത് ബ്രിട്ടീഷുകാരാണ് ചെയ്യിച്ചത്. അവരുടെ സങ്കേതിക വിദഗ്ദരാണ് ആപാലത്തിന് മേല്‍നോട്ടം വഹിച്ചത്. ഒരു നൂറ്റാണ്ടിന് മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലങ്ങളും കലുങ്ങുകളും കെട്ടിടങ്ങളും യാതൊരുവിധ ബലക്ഷയവുമില്ലാതെ കേരളത്തിന്റെ പല സ്ഥലങ്ങളിലും ഇന്നും കാണാവുന്നതാണ്.
1972-ല്‍ ആറ്റിങ്ങല്‍ പൂവമ്പാറ പാലം തകര്‍ന്ന് വാനപുരം നദിയില്‍ വീഴുകയുണ്ടായി. എട്ടു മണിക്കൂര്‍ കൊണ്ടാണ് ഇന്ത്യന്‍ മിലിട്ടറി താല്‍ക്കാലിക പാലം നിര്‍മ്മിച്ചുകൊടുത്തത്. ഒരു വര്‍ഷമായിരുന്നു പാലത്തിന്റെ കാലാവധി. അവിടെ പുതിയ പാലത്തിന്റെ പണി തുടങ്ങുകയും പില്ലറുകള്‍ വാര്‍ക്കുകയും ചെയ്തു. എന്നാല്‍ അതില്‍ ഒരു പില്ലര്‍ കോണ്‍ക്രീറ്റ് ചെയ്തതില്‍ ചെറിയ അപാകത വന്നത് സാങ്കേതിക വിദഗ്ദരുടെ സമിതി കണ്ടുപിടിച്ചു. ദേശീയ പാതയായതിനാല്‍ പാലത്തിന്റെ മേല്‍നോട്ട ചുമതലയുടെ മുഖ്യന് മദ്രാസുകാരനായ എന്‍ജിനിയറായിരുന്നു. മലയാളികളായ എല്ലാ എന്‍ജിനിയറിംഗ് വിദഗ്ദരെയും ഒതുക്കിയെടുക്കാന്‍ കരാറുകാരനു കഴിഞ്ഞുവെങ്കിലും പാലത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന തമിഴ്നാട്ടുകാരനായ എന്‍ജിനിയറെ ഒതുക്കാന്‍ കഴിയാത്തതുകൊണ്ട് പില്ലര്‍ പൊളിച്ച് പുതുക്കി പണിയേണ്ടി വന്നു.
സെക്രട്ടേറിയറ്റുനു മുന്നിലൂടെപോകുന്ന നടപ്പാതയില്‍ ഇടുന്ന ടൈല്‍സ് ഒരു മാസം തികയുന്നതിനു മുന്‍പ് ഇളകിപോകുന്നത് ജനങ്ങളും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കണ്ടുവരുന്നതാണ്. ആരുടെ പേരിലും ഒരു നടപടിയും ഉണ്ടായതായി അറിവില്ല. ഏനാത്ത് പാലത്തിന്റെ കാര്യത്തില്‍ കുറ്റക്കാരായ കരാറുകാരനെയും എന്‍ജിനിയര്‍മാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അതിനുള്ള ആര്‍ജവം ബന്ധപ്പെട്ടവര്‍ കാണിക്കണം.
കിളിമാനൂര്‍ നടരാജന്
എഡിറ്റര്‍
Comments are closed, but trackbacks and pingbacks are open.