ഓഖി ചുഴലിക്കാറ്റ്; 11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി,ബാക്കിയുള്ളവര്‍ക്കായി തെരച്ചില്തുടരുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി. ഇവരെ ഉച്ചയോടെ നാവികസേനയുടെ കപ്പലില്‍ കൊച്ചിയിലെത്തും. അതേസമയം, തെരച്ചിലിന് 10 കപ്പലുകള്‍ കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തെരച്ചില്‍ നടത്തുന്നത്.
കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി. 103 ബോട്ടുകളിലും വളളങ്ങളിലുമായി 1100 ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെന്നാണ് കണക്ക്. കാറ്റില്‍പ്പെട്ട് മഹാരാഷ്ട്ര, മംഗലാപുരം, ഉഡുപ്പി, ലക്ഷദ്വീപ്, കോഴിക്കോട്, ബേപ്പൂര്‍ തീരങ്ങളില്‍ എത്തിയവരില്‍ 400 പേരേ ശനിയാഴ്ചയും , 183 പേരെ ഇന്നലെയും കോസ്റ്റ്ഗാര്‍ഡും, നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് കണക്ക്. എന്നാല്‍, കാണാതായവരില്‍ 92 പേരെപ്പറ്റി ഇനിയും വിവരമില്ല.