ഐഎസ്എല്‍ മത്സരം : തകര്‍പ്പന്‍ തിരിച്ചുവരവുമായി ചെന്നൈയ്ന് എഫ്സി
ചെന്നൈ: ഐഎസ്എല്ലില്‍ ആദ്യ മല്‍സരത്തിലെ പരാജയത്തിനു ശേഷം മുന്‍ ജേതാക്കളായ ചെന്നൈയ്ന് എഫ്സിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിലെ ആറാം മല്‍സരത്തില്‍ വടക്കു കിഴക്കന്‍ പെരുമയുമായെത്തിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ചെന്നൈ മച്ചാന്‍സ് തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ടീമുടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്റെയും ആരാധകരുടെയും മുന്നില്‍ ചെന്നൈയുടെ വിജയം. ആദ്യ കളിയില്‍ എഫ്സി ഗോവയോട് 2-3ന് പൊരുതിവീണ ചെന്നൈയെ അല്ല കഴിഞ്ഞ മല്‍സരത്തില്‍ കണ്ടത്. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഒരുപോലെ മികച്ചുനിന്ന ചെന്നൈ നോര്‍ത്ത് ഈസ്റ്റിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.
ചെന്നൈയുടെ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടതും അവസാനം കുറിച്ചതും മലയാളി താരങ്ങളായിരുന്നുവെന്നതാണ് ശ്രദ്ധേയം. 11ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കുവിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ചെന്നൈ മുന്നിലെത്തുന്നത്. 24ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയിലൂടെ ചെന്നൈ ലീഡുയര്‍ത്തി. ഫൈനല്‍ വിസിലിന് ആറു മിനിറ്റുള്ളപ്പോല്‍ ചെന്നൈയുടെ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിച്ച് പകരക്കാരനായി ഇറങ്ങിയ മലയാളി സ്ട്രൈക്കര്‍ മുഹമ്മദ് റാഫി ചെന്നൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഹെഡ്ഡറില്‍ നിന്നായിരുന്നു കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന റാഫിയുടെ ഗോള്‍.
ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോള്‍ നേടുകയും ചെയ്ത ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്റ്റോയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 11ാം മിനിറ്റില്‍ അഗസ്റ്റോയുടെ ലോങ്റേഞ്ചര്‍ ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഹക്കുവിന്റെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. 24ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വച്ച് ലഭിച്ച പന്ത് ക്ലോസ്റേഞ്ച് ഷോട്ടിലൂടെ അഗസ്റ്റോ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. രണ്ടു ഗോളുകള്‍ക്കു പിന്നിലായെങ്കിലും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല.
ഗോവയ്ക്കെതിരേ പരാജയപ്പെട്ട ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങിയത്. ഇത് മല്‍സരഫലത്തില്‍ പ്രകടമാവുകയും ചെയ്തു. മിഡ്ഫീല്‍ഡര്‍മാരായ ധനപാല്‍ ഗണേഷ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ബിക്രംജിത്ത് സിങ്, ഗ്രെഗറി നെല്‍സണ്‍ എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്. അതേസമയം, ആദ്യ കളിയില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരേ മികച്ച പ്രകടനം നടത്തിയിട്ടും ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്നെങ്കിലും അതേ ഇലവനെ തന്നെ നോര്‍ത്ത് ഈസ്റ്റ് നിലനിര്‍ത്തുകയായിരുന്നു.