എസി, ടി.വി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കു 4% വില വര്‍ധിക്കുമെന്ന് സൂചന
മുംബൈ: റെഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ജനുവരി മുതല്‍ 3-4 ശതമാനം വരെ ഉയരുമെന്ന് സൂചന. നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധന.
വില നേരത്തേ വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നെങ്കിലും ജി.എസ്.ടിക്കു മുന്നേ നിര്‍മിച്ച സ്റ്റോക്ക് വിറ്റഴിക്കുന്നതു വരെ തീരമാനം മാറ്റുകയായിരുന്നു. ഇത്തരം കെട്ടിക്കിടന്ന സ്റ്റോക്ക് ദീപാവലിയോടനുബന്ധിച്ചു വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്. അസംസ്കൃത വസ്തുക്കളായ സ്റ്റീല്‍, കോപ്പര്‍ എന്നിവയുടെ വില വര്‍ധനയാണ് മേഖലയ്ക്കു തിരിച്ചടിയായത്.
ഫ്രിഡ്ജിലും മറ്റും ഉപയോഗിക്കുന്ന കെമിക്കലായ എം.ഡി.ഐയുടെ ലഭ്യത കുറഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ വില ഇരട്ടിയിലധികം ഉയര്‍ന്നിട്ടുണ്ട്. ജി.എസ്.ടി നികുതി പരിഷ്കരണങ്ങളുടെ ഭാഗമായി വാഷിങ് മെഷീന്, റഫ്രിജേറ്റര്‍ തുടങ്ങിയ നിത്യേപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ ചരക്ക്- സേവന നികുതിയുടെ ഉയര്‍ന്ന പരിധിയായ 28 ശതമാനത്തിലാണ് ഇത്തരം സാധനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത ജി.എസ്.ടി. യോഗത്തില്‍ നികുതി കുറയ്ക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ജി.എസ്.ടി. നടപ്പായതോടെ മേഖലയിലുണ്ടായ മാന്ദ്യം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. വാഷിങ് മെഷീന്, ഫ്രിഡ്ജ് തുടങ്ങിയവ ആഡംബര വസ്തുക്കളായി പരിഗണിക്കരുതെന്നും നിത്യോപയോഗ സാധനങ്ങളായി പരിഗണിച്ചു നികുതി കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.