എന്‍ഡോസള്‍ഫാന്‍ ദുരിതര്‍
രണ്ടുപതിറ്റാണ്ടിനു മുന്‍പാണ് കാസര്‍കോഡ് ജില്ലയിലെ നിലക്കടല കൃഷിയിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന പേരിലുള്ള മാരകരോഗം വിതറുന്ന കീടനാശിനി തളിച്ചത്. ഹെലികോപ്റ്ററിലാണ് കീടനാശിനി തളിച്ചത്. അന്ന് പാവം ഗ്രാമവാസികള്‍ ഒരു ഉത്സവംപോലെയാണ് ഹെലികോപ്റ്ററില്‍ കീടനാശിനി തളിക്കുന്നത് കണ്ട് ആസ്വദിച്ചത്. എന്നാല്‍ ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന മാരക വിഷം തങ്ങളുടെയും തങ്ങളുടെ കുഞ്ഞുങ്ങളുടെയും മാത്രമല്ല വരും തലമുറയെപോലും മാരകമായ രോഗങ്ങള്‍ക്ക് ഇരയാക്കുമെന്ന സത്യം ഗ്രാമവാസികള്‍ക്ക് അറിയില്ലായിരുന്നു. അറിയാമായിരുന്ന ശാസ്ത്രലോകം അത് ബോധപൂര്‍വ്വം മൂടിവെച്ചു. സംസ്ഥാനത്തിലെ ശാസ്ത്ര-സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരും കുറ്റകരമായ അനാസ്ഥ ബോധപൂര്‍വ്വമായി തന്നെ സ്വീകരിച്ചു.
ഇരകള്‍ സര്‍ക്കാരിന്റെ ഔദ്ദ്യോഗിക കണക്കനുസരിച്ച് 5837പേരാണ്. എന്നാല്‍ പതിനായിരത്തോളം പേര് വരുമെന്ന് അനൗദ്ദ്യോഗികമായ കണക്ക്. അനൗദ്ദ്യോഗിക കണക്കില്‍പ്പെടുന്നവര്‍ ഗുരുതരമായ പ്രശ്നങ്ങളുള്ളവരല്ല.
ജനിതക രോഗം തീരാശാപമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങള്‍പോലും അംഗവൈകല്യങ്ങളുടെയും മാറാരോഗങ്ങളുടെയും ഇരകളാണ്. ഇതിന്റെ നേര്‍ക്കാഴ്ച്ച ഭയാനകം കൂടിയാണ്. മക്കളുടെയും വേണ്ടപ്പെട്ടവരുടെയും ദുരിതങ്ങള്‍ ദിവസേന കണ്ടുകൊണ്ടു ജീവിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ നമുക്ക് സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമാണ്. ചിലപ്പോഴെല്ലാം ടി.വി ചാനലില്‍ വരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതരുടെ നേര്‍ക്കാഴ്ച കാണുമ്പോള്‍ മനസ്സ് കരയാത്തവരായി ആരുമുണ്ടാവുമെന്ന് തോന്നുന്നില്ല.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബ് ഇട്ടതിന്റെ ദുരിതങ്ങള്‍ ഇന്നും അവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഉണ്ടായ ദുരന്തം ഇന്നും അവിടെത്തെ പുതിയ തലമുറ അനുഭവിക്കുന്നു. കാഡ്ബ്രയിഡ് കമ്പനിയുമായി പതിറ്റാണ്ടുകള്‍ കേസുനടത്തിയിട്ടാണ് ദുര്തര്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതരുടെ ചികിത്സാ ചെലവും സൗജന്യ റേഷനുമൊക്കെ അനുവദിച്ചത് ശരിതന്നെ. എന്നാല്‍ ദുരന്തം വിതച്ച കമ്പനിയുമായിട്ടുള്ള കേസ് പതിറ്റാണ്ടുകള്‍ നീണ്ടുപോയി. ഇതിനിടയില്‍ ഇരകളില്‍ ചിലര്‍ മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടന സുപ്രീ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്ജിയിന്മേല് സുപ്രധാന വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദുരിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കാനാണ് വിധി. മൂന്നു മാസത്തിനകം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സുപ്രീ കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്.
ആനുകൂല്യങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ നീണ്ടുപോകുകയാണെങ്കില്‍, ദുരിതര്‍ക്ക് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കാന്‍ തയ്യാറാവണം.
കിളിമാനൂര്‍ നടരാജന്
എഡിറ്റര്‍
Comments are closed, but trackbacks and pingbacks are open.