ഉത്തരകൊറിയൻ അണ്വായുധത്തെ നേരിടാൻ ഹവായ് ഒരുങ്ങുന്നു; അപായമണി പുനഃസ്ഥാപിച്ചു
ഹവായ്: ഉത്തരകൊറിയൻ ആണവായുധ ഭീഷണി നിലനിൽക്കുന്ന യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപിൽ ആണവാക്രമണ മുന്നറിയിപ്പ് സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചു. ആണവാക്രമണ സമയത്ത് ആളുകളെ അറിയിക്കാനാണ് പുതിയ അപായമണി സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ സൈറൺ മുഴക്കി. എല്ലാ മാസത്തിലെയും ആദ്യ പ്രവൃത്തി ദിവസം സിഗ്നൽ സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശീതയുദ്ധത്തിന്റെ അന്ത്യത്തിന് ശേഷം ഇതാദ്യമായാണ് ആണവ മുന്നറിയിപ്പു തിരിച്ചറിയാനുള്ള സൈറൺ മുഴക്കുന്നത്. അണ്വായുധത്തെ നേരിടാൻ ഹവായ് പ്രത്യേകം മാർഗനിർദ്ദേശങ്ങൾ വരെ പുറപ്പെടുവിച്ചിരുന്നു. അണുബോംബ് വീണാൽ മിനിറ്റുകള്‍ക്കുള്ളില്‍ എന്തൊക്കെ രക്ഷാനടപടികളാണ് സ്വീകരിക്കേണ്ടതെന്നും എങ്ങനെയാണ് സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചേരുകയെന്നതും ഇതില്‍ പറയുന്നുണ്ട്. ബോംബ് വീണാൽ 12 മുതൽ 15 മിനിറ്റിനിടയിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
2009ല്‍ ഉത്തരകൊറിയ ഹവായ് ദ്വീപില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. അന്ന് ഒബാമ ഭരണകൂടം ഉത്തരകൊറിയക്കെതിരെ സേനാവിന്യാസം ശക്തമാക്കിയിരുന്നു. മിസൈലിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഹവായ് ദ്വീപിൽ ക്രമീകരിച്ചിട്ടുണ്ട്.