ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഒളിമ്പിക്സ് കമ്മിറ്റി അഞ്ച് റഷ്യന്‍ കായികതാരങ്ങള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി
റഷ്യ: ഉത്തേജക മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് റഷ്യന്‍ കായിക താരങ്ങള്‍ക്ക് കൂടി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. 2014 വിന്റര്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ രണ്ട് താരങ്ങളുള്പ്പെടെയുള്ളവര്ക്കാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയത്.
സോചി ശൈത്യകാല ഒളിമ്പിക്സില്‍ ബോബ്ലീഗ് ഇനത്തില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗങ്ങളായ ദിമിത്രി ട്രുണെന്കോവ്, അലക്സി നെഗോഡൈലോ, ബിയാത്ലണ് റിലേയില്‍ വെള്ളി മെഡല്‍ നേടിയ യാന റൊമാനോവ. ഒല്‍ഗ വിലുക്കിന, സ്ക്കെല്ട്ടണ് റൈഡര്‍ സെര്‍ജി ചുദിനോ എന്നിവര്‍ക്കാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.
ഇതോടെ സോചി ഒളിമ്പിക്സിന് ശേഷം മാത്രം ആജീവനാന്ത വിലക്ക് ലഭിക്കുന്ന റഷ്യന്‍ കായിക താരങ്ങളുടെ എണ്ണം 19 ആയി. ഒളിമ്പിക്സിനിടെ ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും താരങ്ങള്‍ കുടുങ്ങിയത്. ഒളിമ്പിക്സില്‍ പങ്കെടുത്ത മുഴുവന്‍ റഷ്യന്‍ താരങ്ങളുടെയും രക്തസാംപിളുകള്‍ വീണ്ടും പരിശോധിക്കാന്‍ നേരത്തെ ഐഒസി തീരുമാനിച്ചിരുന്നു. ഈ പരിശോധനയിലാണ് കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയത്.
താരങ്ങള്‍ വ്യാപകമായി മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തെ റഷ്യന്‍ ഉത്തേജക പരിശോധന ഏജന്‍സിയെയും ദേശീയ അത്ലറ്റിക്ക് ഫെഡറേഷനെയും പാരാലിംപിക് കമ്മിറ്റിയെയും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പ്യോങ്യാങ്ങില് നടക്കുന്ന അടുത്ത ശൈത്യകാല ഒളിമ്പിക്സില്‍ റഷ്യയെ പങ്കെടുപ്പിക്കണമോയെന്ന കാര്യത്തില്‍ അടുത്ത മാസം ചേരുന്ന ഐഒസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ഐഒസി ഭാരവാഹികള്‍ അറിയിച്ചു.