ഉത്തരകൊറിയ പോര്‍വിളിയ്ക്ക് ശക്തിപ്രകടനത്തിലൂടെ മറുപടി നല്കി യുഎസും ദക്ഷിണകൊറിയയും
ഉത്തരകൊറിയ; ഉത്തരകൊറിയക്ക് മറുപടിയുമായി അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തി. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും യുദ്ധവിമാനങ്ങളും പരിശീലനത്തിൽ പങ്കെടുത്തു.
അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് യുഎസും ദക്ഷിണ കൊറിയയും സൈനികാഭ്യാസം നടത്തിയത്. നൂറുകണക്കിന് വിമാനങ്ങളും രണ്ട് ഡസനോളം ജെറ്റ്വിമാനങ്ങളും സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. നിരന്തരം പ്രകോപനങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്ക് മറുപടി നല്കുന്ന ശക്തിപ്രകടനം കൂടിയായിരുന്നു അഭ്യാസം. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ സംയുക്ത സൈനിക അഭ്യാസത്തെ ഏറെ ഗൌരവത്തോടെയാണ് ഇരു രാജ്യങ്ങളും സമീപിച്ചത്. വ്യോമപോരാട്ട വ്യായാമം എന്ന് വിശേഷിപ്പിക്കുന്ന പ്രകടനത്തില്‍ 12,000 ത്തോളം അമേരിക്കന്‍ സൈനികരും നേവിയും മറൈന്‍ കോര്‍പ്സും പങ്കാളികളായി. 230 വിമാനങ്ങള്‍ക്കൊപ്പം യുദ്ധവിമാനങ്ങളായ ആറ് എഫ് -22 റാപ്റ്റേഴ്സും, ആറ് എഫ് – 35എയും 12 എഫ്-35ബിയും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
വെള്ളിയാഴ്ച വരെ സംയുക്ത സൈനികാഭ്യാസം നീണ്ടുനില്‍ക്കും. ദക്ഷിണ കൊറിയയുടെ എട്ട് കേന്ദ്രങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ അഭ്യാസപ്രകടനം നടത്തുന്നത്. അതിനിടെ ഡിസംബര്‍ ഒന്നിന് നടത്തിയ സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ യുഎസ് മിലിട്ടറി പുറത്തുവിട്ടു. അമേരിക്കയുടെ യുദ്ധവിമാനങ്ങളായ F-16 ഉം F-35ഉം ദക്ഷിണകൊറിയക്ക് മേല്‍ പറക്കുന്നത് ദൃശ്യങ്ങളിലുണ്ട്. വാര്‍ഷിക സംയുക്ത സൈനിക അഭ്യാസത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിശീലനം.