EBM News Malayalam

ഉത്തരകൊറിയന്‍ ആണവായുധഭീഷണി : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഹവായ് ദ്വീപ്

ഉത്തരകൊറിയന്‍ ആണവായുധഭീഷണി നിലനില്‍ക്കുന്ന ഹവായ് ദ്വീപില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഇതിന്‍റെ ഭാഗമായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആണവാക്രമണ മുന്നറിയിപ്പ് സിഗ്നല്‍ സംവിധാനം പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഎന്‍ ചുമത്തിയ ഉപരോധനടപടികള്‍ക്ക് മറുപടിയുണ്ടാകുമെന്ന ഉത്തരകൊറിയയുടെ ഭീഷണികള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഹവായ് ദ്വീപില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആണവായുധ മുന്നറിയിപ്പ് സിഗ്നല്‍ സംവിധാനം പുനസ്ഥാപിക്കുകയാണ് അടിയന്തരമായി ചെയ്യുന്നത്. ഈ ഡിസംബര്‍ ഒന്നിന് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൈറണുകള്‍ മുഴക്കുമെന്ന് ഹവായ് എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി അറിയിച്ചു. എല്ലാ മാസവും ഒരു ദിവസം ഈ മുന്നറിയിപ്പ് സിഗ്നല്‍ പരീക്ഷിക്കും. സൈറണ്‍ മുഴങ്ങി പത്ത് മിനുട്ടിനുള്ളില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. രണ്ടാഴ്ച്ചക്കകം തന്നെ ജനങ്ങള്‍ ഈ സംവിധാനവുമായി പൊരുത്തപ്പെടണമെന്നാണ് നിര്‍ദേശം.
ആണവാക്രമണമുണ്ടായാല്‍ 90 ശതമാനം ജനങ്ങളും അതിനെ അതിജീവിക്കുന്ന തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഹവായ് എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി പറഞ്ഞു. അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് കൊണ്ട് ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നാണ് യുഎന്‍ ഉത്തരകൊറിയക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്. ഉപരോധനടപടികള്‍ കൊണ്ട് തളരില്ലെന്നും തിരിച്ചടി പ്രതീക്ഷിക്കണമെന്നുമായിരുന്നു ഇതിന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മറുപടി. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപുകളില്‍ ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

Leave A Reply

Your email address will not be published.