ഈജിപ്ത് ഭീകരാക്രമണം : ഭീകരര്‍ക്കെതിരെ സൈന്യം വ്യോമാക്രമണം നടത്തി
കയ്റോ: വടക്കന്‍ സിനായി പ്രവിശ്യയില്‍ 235 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഈജിപ്ഷ്യന്‍ സൈന്യം ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തി. ഭീകരര്‍ സഞ്ചരിച്ച വാഹനങ്ങള്‍ സൈന്യം തകര്‍ത്തു. പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് സൈനിക വക്താവ് തമെര്‍ അല്‍ റെഫാ പറഞ്ഞു. അല്‍-രാവാഡ മോസ്കിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം തിരിച്ചടി നല്‍കിയത്. മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കു എത്തിയവരാണ് ആക്രമണത്തിനു ഇരയായത്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. നൂറിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഭീകരര്‍ക്ക് സൈന്യം ‘അതിഭീകര’ തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പറഞ്ഞിരുന്നു.