ഇന്ത്യന്‍ ചാരക്കേസ് : കുല്ഭൂഷണ് ജാദവിനെ ഡിസംബര്‍25ന് കാണാന്‍ ഭാര്യക്കും അമ്മക്കും അനുമതി
ദില്ലി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന് തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍25ന് കൂടിക്കാഴ്ചയ്ക്ക് പാകിസ്താന് അവസരം ഒരുക്കും.
ഇക്കാര്യം വ്യക്തമാക്കി പാകിസ്താന് വിദേശകാര്യ മന്ത്രാലയം പത്രകുറിപ്പിറക്കി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. നേരത്തെ പതിനഞ്ചോളം തവണ കുല്‍ഭൂഷണെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
2016 മാര്‍ച്ചിലാണ് കുല്ഭൂഷണ് ജാദവ് പാക്ക് പിടിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. തുടര്‍ന്ന് ജാദവിന് സൈനിക കോടതി വധശിക്ഷ വിധിക്കും പിന്നീട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് സ്റ്റേ ചെയ്യുകയുമായിരുന്നു.
കച്ചവട ആവശ്യത്തിനായി ഇറാനിലെത്തിയ കുല്‍ഭൂഷണെ പാകിസ്താന് വ്യാജകേസ് ചമച്ച് പിടികൂടുകയായിരുന്നുവെന്ന് ഇന്ത്യയുടെ വാദം. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തി വന്നിരുന്നത്. കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ അത് ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.