EBM News Malayalam

അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടം അവസാനിക്കുന്നില്ല; പ്രധാനമന്ത്രി

ലഖ്‌നൗ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് ലഖ്‌നൗവില്‍ നടത്തിയ പരിവര്‍ത്തന്‍ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഡി പരിവര്‍ത്തന്‍ റാലിയില്‍ തന്‍റെ പ്രസംഗം തുടങ്ങിയത്. യു.പിയില്‍ മാറ്റത്തിന്‍റെ കാറ്റ് വീശുകയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ കള്ളപ്പണത്തിനെതിരെ എന്തെങ്കിലും പറയുമ്പോള്‍ തന്നെ എതിര്‍ക്കുന്നതില്‍ ബി.എസ്.പിയും എസ്.പിയും ഒറ്റക്കെട്ടാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഏക പാര്‍ട്ടി ബി.ജെ.പി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്ന റാലിയായാണ് ബി.ജെ.പി മോഡിയുടെ ലഖ്‌നൗ റാലിയെ കണക്കാക്കുന്നത്. പത്ത് ലക്ഷം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നതായി ബി.ജെ.പി വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയോ പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷമോ ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്ന് മോഡി പറഞ്ഞു. പതിനാല് വര്‍ഷമായി യു.പിയില്‍ ബി.ജെ.പി അധികാരത്തിന് പുറത്താണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഈ പതിനാല് വര്‍ഷം യു.പിയില്‍ നിന്ന് വികസനം പുറത്തായിരുന്നെന്ന് താന്‍ പറയും. ഇന്ത്യയുടെ ജാതകം മാറ്റിയെഴുതണമെങ്കില്‍ ആദ്യം ഉത്തര്‍പ്രദേശിന്‍റെ ജാതകം മാറ്റിയെഴുതണം. ജാതിക്കും മതത്തിനും അതീതമായി മുന്നേറണം. വികസനത്തിനായി വോട്ട് ചെയ്യണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

Comments are closed, but trackbacks and pingbacks are open.