EBM News Malayalam

അമ്മക്കെതിരെ കടുത്ത നിലപാടുമായി വനിതാ താരങ്ങൾ

കൊച്ചി: താരസംഘടന അമ്മയുടെ നിലപാടിനെതിരെ കടുത്ത തീരുമാനങ്ങളുമായി വനിതാ താരങ്ങൾ രംഗത്ത് വരുന്നു. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കാത്തതിൽ പ്രതിഷേധിച്ച് താരങ്ങൾ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് സാധ്യത. തീരുമാനം ഇനിയും വൈകിയാൽ കൂടുതൽ വനിതാ താരങ്ങൾ അമ്മ വിടാൻ സാധ്യത ഉണ്ടെന്നാണ് വിവരം.

ആഗസ്റ്റ് മാസം വുമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ കത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. കൂടാതെ സിനിമയിലെ സ്ത്രീകൾക്ക് അവരുടെ തൊഴിലിടങ്ങളിൽ കൂടുതൽ സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ സംഘടനയുടെ ഭരണഘടനയിൽ വരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. എന്നാൽ അമ്മയുടെ ഭരണസമിതി മാറിയിട്ടും രണ്ട് കാര്യങ്ങളിലും ഒരു തീരുമാനവും ആകാത്ത സാഹചര്യത്തിലാണ് അംഗങ്ങൾ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നത്.

സംഘടന രീതിയിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അമ്മ ഭാരവാഹികൾ ഉറപ്പ് നൽകിയിരുന്നു, എന്നാൽ കാര്യങ്ങളിൽ തീരുമാനം ആകാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി വനിത അംഗങ്ങൾ രണ്ട് തവണ കത്തും നൽകിയിരുന്നു. എന്നാൽ ഈ കാര്യങ്ങളോട് ഒന്നും തന്നെ പ്രതികരിക്കാൻ ഭാരവാഹികൾ തയ്യാറാകാത്തതാണ് വനിത താരങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. വുമൺ ഇൻ സിനിമ കളക്ടീവ് യോഗം ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. ഇതിന് ശേഷം അംഗങ്ങൾ മാധ്യമ പ്രവർത്തകരെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.