അനധികൃത നിയമനം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ബഹളം
തിരുവനന്തപുരം: കേരള സര്‍വകലാശാല എഡ്യുക്കേഷന്‍ വിഭാഗത്തില്‍ വൈസ് ചാന്‍സലര്‍ വഴിവിട്ട് മാര്‍ക്ക് നല്കി അധ്യാപക നിയമനം നടത്തിയെന്ന പരാതി ചര്‍ച്ച ചെയ്യാനാകില്ലെന്ന വിസിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ബഹളം. അനധികൃത നിയമനം സംബന്ധിച്ച് ഉദ്യോഗാര്‍ഥി നല്കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
എതിര്‍കക്ഷികളായ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇല്ലാത്ത യോഗ്യതകള്‍ ഉണ്ടെന്നു കാണിച്ച് അക്കാദമിക് മികവിനും തൊഴില്‍പരിചയത്തിനും അധിക മാര്‍ക്ക് നല്‍കിയും അഭിമുഖത്തില്‍ മറ്റ് ഉദ്യോഗാര്‍ഥികളേക്കാള്‍ ഇരട്ടിയിലും കൂടുതല്‍ മാര്‍ക്ക് നല്‍കിയുമാണ് അനധികൃത നിയമനം നടത്തിയത്.
വര്‍ക്കല എസ്എന്‍ ട്രെയിനിങ് കോളേജ് അധ്യാപികയായിരുന്ന ദിവ്യ സേനനാണ് യൂണിവേഴ്സിറ്റി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ വഴിവിട്ട് മാര്‍ക്ക് കൂട്ടിനല്‍കി നിയമനം നല്‍കിയത്. അക്കാദമിക് മികവിന്റെ ഗണത്തില്‍ ദിവ്യ സേനന് 24 മാര്‍ക്കാണ് നല്‍കിയത്. ഇതില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയത്തിന് രണ്ടു മാര്‍ക്കും ദേശീയ അവാര്‍ഡിന് മൂന്നു മാര്‍ക്കും അധിക ബിരുദാനന്തരബിരുദത്തിന് ഒരു മാര്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അപേക്ഷിക്കുമ്ബോള്‍ ഈ യോഗ്യതയൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ല. അങ്ങനെയുള്ള അപേക്ഷകളില്‍ പിന്നീട് യോഗ്യത നേടിയാല്‍പ്പോലും കണക്കാക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതിനുപുറമെ അഭിമുഖത്തിന് 20ല്‍ 19 മാര്‍ക്കാണ് ഇവര്‍ക്ക് നല്‍കിയതെന്ന് വിവരാവകാശരേഖയില്‍ വ്യക്തമായിട്ടുണ്ട്. തൊഴില്പരിചയത്തിന് ആറു മാര്‍ക്ക് ഉള്‍പ്പെടെ ഇവര്‍ക്ക് ആകെ കിട്ടിയത് 49 മാര്‍ക്ക്. ഈഴവ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ മാര്‍ക്ക് കണക്കാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്. ഇതിനെതിരെയാണ് മറ്റൊരു ഉദ്യോഗാര്‍ഥിയായ എസ് ലാലി ഹൈക്കോടതിയെ സമീപിച്ചത്. വിവരാവകാശപ്രകാരം ലാലി യൂണിവേഴ്സിറ്റിയില്‍നിന്ന് സംഘടിപ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോഴാണ് വൈസ് ചാന്‍സലര്‍ ചെയര്‍മാനായുള്ള നിയമനകമ്മിറ്റിയുടെ അഴിമതിയും മാര്‍ക്കുദാനവും പുറത്തുവന്നത്.
ഈഴവ വിഭാഗത്തില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന ലാലിയാണ് ലിസ്റ്റില്‍ രണ്ടാമതായുള്ളത്. ലാലിക്ക് ആകെ കിട്ടിയത് 46 മാര്‍ക്ക്. ദിവ്യ സേനന് അക്കാദമിക് മികവിന് അനര്‍ഹമായി നല്കിയ ആറു മാര്‍ക്ക് കുറച്ചാല്‍ കിട്ടുന്നത് 43 മാര്‍ക്കുമാത്രം. അതില്‍തന്നെ മൂന്നു മാര്‍ക്ക് ലാലിക്ക് കൂടുതല്‍, അങ്ങനെ കണക്കാക്കിയാല്‍പ്പോലും ലാലിയാണ് ഒന്നാംസ്ഥാനത്ത്.ഇതിനുപുറമെ അഭിമുഖത്തില്‍ ലാലിക്ക് നല്‍കിയത് 20ല്‍ ആറു മാര്‍ക്കുമാത്രം. എല്ലാ രംഗത്തും മികവ് കുറഞ്ഞ ദിവ്യ സേനന് 19 മാര്‍ക്ക് നല്‍കിയിടത്താണ് ലാലിക്ക് വെറും ആറു മാര്‍ക്ക് നല്‍കിയത്. ഇതില്‍തന്നെ 13 മാര്‍ക്ക് വ്യത്യാസം. ലാലിക്ക് ജോലി നഷ്ടപ്പെട്ടത് വെറും മൂന്നു മാര്‍ക്കിന്. 19 മാര്‍ക്ക് ദാനം നല്കിയ ഈ അഴിമതിനിയമനം വരുംദിവസങ്ങളില്‍ കൂടുതല്‍ നിയമനത്തട്ടിപ്പിലേക്ക് വെളിച്ചം വീശുന്നതാണ്.