അംബേദ്കര്‍ കോളനിയിലെ വീടുകള്‍ പൊളിച്ച് നീക്കാന്‍ നഗരസഭയുടെ നോട്ടീസ്
അഹമ്മദാബാദ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎല്‍എക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ അംബേദ്കര്‍ കോളനിയിലെ വീടുകള്‍ പൊളിച്ച് നീക്കാന്‍ നഗരസഭയുടെ നോട്ടീസ്. കോളനിയിലെ ഇരുപതോളം വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണ് നില്‍ക്കുന്നതെന്നും, റോഡ് വികസനത്തിന്റെ ഭാഗമായി ഈ വീടുകള്‍ പൊളിച്ച് നീക്കുമെന്നും നോട്ടീസില്‍ പറയുന്നു. ബിജെപി എംഎംഎല്ക്കെതിരെ പ്രതിഷേധിച്ചതിന് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് കോളനി നിവാസികള്‍ ആരോപിച്ചു.
ഇത് അഹമ്മദാബാദ് നഗരത്തിലെ മകര്‍ബ എന്ന പ്രദേശത്തുള്ള അബ്ദേകര്‍ ഹൌസിംഗ് കോളനി. നൂറോളം വീടുകള്‍ ഇവിടെയുണ്ട്. ഭൂരിഭാഗവും ദളിത് സമുദായത്തില്‍ പെട്ടവര്‍. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരാഴ്ച മുന്‍പ് കോളനിയിലെത്തിയിരുന്നു. ബിജെപി സര്‍ക്കാരിനെതിരായ വികാരം കോളനി നിവാസികള്‍ എംഎല്‍എയോടും സംഘത്തോടും പ്രകടിപ്പിച്ചു.
നോട്ടീസ് ലഭിച്ച 20 വീടുകള്‍ ഭാഗികമായി നില്ക്കുന്ന സര്‍ക്കാര്‍ ഭൂമിയിലാണെന്നും നഗര വികസനത്തിന്റെ ഭാഗമായി ഈ സ്ഥലം ഏറ്റെടുക്കാന്‍ പോവുകയാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി തന്ന സമ്മാനമാണ് നോട്ടീസെന്ന് കോളനി വാസികള്‍ ആരോപിച്ചു. നോട്ടീസ് നല്കിയ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പ്പറഷന് ബിജെപിയാണ് ഭരിക്കുന്നത്.