EBM News Malayalam

കേന്ദ്രമന്ത്രിസഭയിലെ ഏക ശിരോമണി അകാലി ദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിലെ ഏക ശിരോമണി അകാലി ദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു ഹര്‍സിമ്രത് കൗര്‍. കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് (പിഎംഒ) സമര്‍പ്പിച്ചതായി എസ്എഡി പ്രസിഡന്റും ഹര്‍സിമ്രത് കൗറിന്റെ ഭര്‍ത്താവുമായ സുഖ്ബീര്‍ സിംഗ് ബാദലിന്റെ പ്രധാന ഉപദേഷ്ടാവ് ഹര്‍ചരന്‍ ബെയ്ന്‍സ് അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ബാദല്‍ ഹര്‍സിമ്രത് കൗര്‍ രാജിവയ്ക്കുന്ന കാര്യം ലോക്‌സഭയെ അറിയിച്ചത്.

ശിരോമണി അകാലിദള്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാല്‍ ‘കര്‍ഷക വിരുദ്ധ രാഷ്ട്രീയ’ത്തെ എതിര്‍ക്കുമെന്നും എസ്എഡിയുമായി അടുത്ത വൃത്തങ്ങള്‍ പറയുകയാണ്. കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കും നിയമനിര്‍മ്മാണത്തിനും എതിരെ ഞാന്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. മകളായും സഹോദരിയായും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നു- രാജിവെച്ചതായി വ്യക്തമാക്കിക്കൊണ്ട് ഹര്‍സിമ്രത് കൗര്‍ ട്വിറ്ററില്‍ കുറിച്ചു.

 

Comments are closed.