EBM News Malayalam

സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ കേസില്‍ നിയമനം നല്‍കിയ കെഎസ്‌ഐടിഎല്‍ എംഡിക്കെതിരെ അന്വേഷണം നടത്താതെ പൊലീസ്.

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ കേസില്‍ നിയമനം നല്‍കിയ കെഎസ്‌ഐടിഎല്‍ എംഡിക്കെതിരെ അന്വേഷണം നടത്താതെ പൊലീസ്. മതിയായ പരിശോധനയില്ലാതെ നിയമനം അംഗീകരിച്ചതും ശമ്പളം ഇനത്തില്‍ കണ്‍സള്‍ട്ടന്‍സിക്ക് 20ലക്ഷം രൂപ നല്‍കിയതും കെഎസ്‌ഐടിഎല്ലാണ്. സ്വപ്നയുടെ നിയമനത്തിന് വഴിവിട്ട് സഹായിച്ചുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ എം ശിവശങ്കറിലേക്കും അന്വേഷണം നീങ്ങിയിട്ടില്ല.

വ്യാജ ബിരുദ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിലെ കെഎസ്‌ഐടിഎല്ലിലെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ എത്തിയത്. സ്വപ്നയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെയും റിക്രൂട്ട്‌മെന്റ് നടത്തിയ വിഷന്‍ടെക്കിനെയും പഴിചാരുമ്പോള്‍ കെഎസ്‌ഐടിഎല്‍ എംഡി എന്ത് പരിശോധന നടത്തിയെന്നതില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ല.

വിഷന്‍ടെക്കിന്റെ നടപടികള്‍ പൂര്‍ത്തിയായി കെഎസ്‌ഐടിഎല്‍ എംഡി ജയശങ്കര്‍ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ജയശങ്കര്‍ പ്രസാദിന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ആയിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ സ്വപ്നക്ക് കെഎസ്‌ഐടിഎല്ലില്‍ കരാര്‍ നിയമനം ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തില്‍ മാസം ഒരുലക്ഷത്തി ഏഴായിരം രൂപ ശമ്പളം ലഭിക്കുന്ന കരാര്‍ നിയമനം നേടിയതിലും ഗൂഢാലോചനക്കുറ്റം നിലനില്‍ക്കും.

എന്നാല്‍ കെഎസ്‌ഐടിഎല്‍ എംഡിയിലേക്കും ശിവശങ്കറിലേക്കും നീങ്ങുന്ന ഒരന്വേഷണവും നീങ്ങിയിട്ടില്ല. കെഎസ്‌ഐടിഎല്‍ എംഡി ജയശങ്കര്‍ പ്രസാദാണ് നിലവില്‍ സ്വപ്നയുടെ വ്യാജ ബിരുദ കേസിലെ പരാതിക്കാരന്‍.വാദി തന്നെ പ്രതിയാകുന്ന സാഹചര്യമാണ് നിലവില്‍. എന്നാല്‍ സ്വപ്നക്ക് ജോലി നല്‍കിയ കെഎസ്‌ഐടിഎല്ലിലേക്കും ശിവശങ്കറിലേക്കും നീങ്ങാതെ സ്വപ്നക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍ മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

 

Comments are closed.