EBM News Malayalam

അഭിനേത്രിയും എംപിയുമായ ജയാ ബച്ചനെതിരെയും വിമര്‍ശനങ്ങളുമായെത്തി കങ്കണ റണൗട്ട്

അഭിനേത്രിയും എംപിയുമായ ജയാ ബച്ചനെതിരെയും വിമര്‍ശനങ്ങളുമായെത്തി കങ്കണ റണൗട്ട്. ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ജയ പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിച്ചിരുന്നു. നടിയുടെ പേരെടുത്ത് പറയാതെ കടുത്ത ഭാഷയിലായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയായാണ് കങ്കണയുടെ പ്രതികരിക്കുന്നത്.

‘വിനോദവ്യവസായ മേഖലയില്‍ നിന്ന് പേരും പ്രശസ്തിയും നേടിയ ആളുകള്‍ തന്നെ അതിനെ തരംതാഴ്ത്തി പറയുകയാണ്. ഇക്കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു.. ഇത്തരം ഭാഷകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അവരോട് പറയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ എന്നായിരുന്നു ജയയുടെ വാക്കുകള്‍. തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ച ഒരു മേഖലയെ തള്ളിപ്പറയുന്നവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ജയാ ബച്ചന്‍, ഏത് പാത്രത്തില്‍ നിന്നാണോ കഴിക്കുന്നത് ആ പാത്രത്തില്‍ തന്നെ ഓട്ടവീഴ്ത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചത്. ‘നിരവധി ആളുകള്‍ക്ക് പേരും പ്രശസ്തിയും നല്‍കിയ മേഖലയാണിത്. കുറച്ച് ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് ഈ ഇന്‍ഡസ്ട്രി തുടര്‍ച്ചയായി അധിക്ഷേപിക്കപ്പെടുന്നു എന്നും അവര്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഒരു ട്വീറ്റിലൂടെയാണ് കങ്കണ ഇതിന് മറുപടി നല്‍കിയത്. ‘ ഏത് പാത്രമാണ് ജയാ ജിയും അവരുടെ ഇന്‍ഡസ്ട്രിയും നല്‍കിയത്? രണ്ട് മിനിറ്റ് നീണ്ട റോള്‍, ഐറ്റം നമ്പര്‍ അല്ലെങ്കില്‍ ഒരു റൊമാന്റിക് സീന്‍ എന്നിങ്ങനെ ഒരു പാത്രം മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതും നായകന് വഴങ്ങിക്കൊടുത്തശേഷം മാത്രം. ഈ ഇന്‍ഡസ്ട്രിയെ ഫെമിനിസം പഠിപ്പിച്ചത് ഞാനാണ്. ആ പാത്രത്തില്‍ സ്ത്രീ കേന്ദ്രീകൃത-ദേശഭക്തി ചിത്രങ്ങള്‍ നിറച്ച് അലങ്കരിച്ചു. ഇത് എനിക്ക് സ്വന്തമായ പാത്രമാണ്.നിങ്ങളുടെതല്ല ജയാ ജീ’ എന്നായിരുന്നു മറുപടി പറഞ്ഞത്.

Comments are closed.