EBM News Malayalam

എസ്എടി ആശുപത്രിയിൽ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്നും പത്തു കിലോ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്തു

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ വീണ്ടും അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്നും പത്തു കിലോഗ്രാം മുഴ നീക്കം ചെയ്തു.  കളിയിക്കാവിള സ്വദേശിനിയായ 47 വയസുകാരിയിൽ നിന്നാണ് വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
വയറു പെരുക്കം, വയറുവേദന, കാലുകളിൽ നീരു കെട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായി  രോഗി ആശുപത്രിയിലെത്തിയത്.   ഒരു വർഷത്തോളം ഒരു വൈദ്യൻ്റെ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എം ആർ ഐ സ്കാൻ പരിശോധനയിൽ അണ്ഡാശയ കാൻസർ ആണെന്ന് കണ്ടു പിടിക്കുകയും ലാപ്പറോട്ടമി ചെയ്യണം എന്ന നിഗമനത്തിലെത്തുകയും ചെയ്തു. ലാപ്പറട്ടമി പരിശോധനയിൽ മുഴ കണ്ടെത്തുകയും തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ മുഴ പുറത്തെടുക്കുകയുമായിരുന്നു. അണ്ഡാശയങ്ങളും ഗർഭാശയവും ലിംഫ് നോഡുൾപ്പെടെ വേരോടെ നീക്കം ചെയ്തു.  പത്തോളജി പരിശോധനയിൽ മുഴ കാൻസറിന്റെ പ്രാരംഭ ഘട്ടമായ ബോഡർലൈൻ സ്റേജ് ആണെന്ന് സ്ഥിരീകരിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ പി ബിന്ദു, ഡോ എ സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ ജയകുമാർ, പി ജി വിദ്യാർത്ഥിനി ഡോ കൃഷ്ണ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
കോവിഡ് കാലത്ത് ചികിത്സയ്ക്കെത്താൻ രോഗികൾ മടിക്കുന്നതാണ് ഗർഭാശയ മുഴ വളരുന്നതിന് ഇടയാക്കുന്ന പ്രധാന കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. അടുത്തിടെ മറ്റൊരു രോഗിയിൽ നിന്നും എട്ടുകിലോഗ്രാം തൂക്കളുള്ള മുഴ എസ് എ ടി യിലെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു.
ചിത്രം, എസ് എ ടി യിൽ ചികിത്സയ്‌ക്കെത്തിയ രോഗിയിൽ നിന്നും  പത്തു കിലോഗ്രാം തൂക്കമുള്ള മുഴ ഡോക്ടർമാർ നീക്കം ചെയ്യുന്നു

Comments are closed.