EBM News Malayalam

കൊല്ലത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു ; സമ്പര്‍ക്കം വഴിയുള്ള രോഗപകര്‍ച്ചയില്‍ ആശങ്ക

കൊല്ലം: കൊല്ലത്ത് സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സെന്റിനല്‍ സര്‍വൈലന്‍സിലൂടെ ഒരു ആശാ പ്രവര്‍ത്തകക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത് കൊല്ലത്ത് ആയിരുന്നു. ഇതിന് ശേഷവും പല ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. കൊല്ലത്ത് വിവിധമേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി മാറി.

പലസ്ഥലങ്ങളും ഹോട്ട് സ്‌പോട്ടുകളുമായി മാറി. നീണ്ടകരയും ശക്തികുളങ്ങരയും പൂര്‍ണമായും അടച്ചിട്ടു. കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇവരെല്ലാം വിദേശത്ത് നിന്നും എത്തിയവര്‍ ആയിരുന്നു. ഇതോടെകൂടി ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ഏണ്ണം 83 ആയി. അതേസമയം, ജില്ലയില്‍ 26 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നും വരുന്നവരിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരിലുമാണ് കൂടുതല്‍ രോഗബാധ കാണുന്നത്.

പലരിലും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. പലപ്പോഴും രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോഴാണ് തിരിച്ചറിയുന്നത്. ഇത് ചികിത്സക്ക് വലിയ തിരിച്ചടി ആകുന്നുണ്ട്. ഗുരതരാവസ്ഥയില്‍ എത്തുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റുന്നത്. 81 വയസ് പ്രായമുള്ള ആള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്.

അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിയാല്‍ ആ സ്ഥലങ്ങള്‍ അടച്ച് ഹോട്ട് സ്‌പോട്ടുകളായി മാറ്റാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം തീവ്രബാധിമേഖലയായ തമിഴ്നാട്ടില്‍ നിന്നും പാസ്സുമായി വരുന്നവരെ മാത്രമെ അതിര്‍ത്തി കടത്തിവിടുന്നുള്ളൂ. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രതയും ശക്തമാക്കിയിരിക്കുകയാണ്.

Comments are closed.